നായകൻ ക്വിന്റൻ ഡികോക്കിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20 മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റ് തോൽവി. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ മുന്നോട്ട് വെച്ച 135 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്. 52 പന്തിൽ 5 സിക്സും 6 ബൗണ്ടറിയുമായി 79 റൺസെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി.
ഹെൻഡ്രിക്സുമായി (28) ചേർന്ന് 76 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഡികോക്ക് കാഴ്ച്ചവെച്ചത്. ടെംബ ബവുമ 27 റൺസുമായി പുറത്താകാതെ നിന്നു. ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റ് എടുത്തു.
ആതിഥേയ നിരയിൽ ശിഖർ ധവാൻ മാത്രമേ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. 36 റൺസെടുത്ത ശിഖർ ധാവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഹെൻഡ്രിക്സിന് പിടി കൊടുത്ത് രോഹിത്ത് ശർമ (9) മടങ്ങി. തുടർന്നെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കും (9) ക്രീസില്‍ നിലയുറപ്പിക്കാനായില്ല.
റിഷഭ് പന്ത് (19), ഹർദിക് പാണ്ഡ്യ (14), രവീന്ദ്ര ജദേജ (19) എന്നിവർ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവർ. ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹെൻഡ്രിക്സ്, ഫോർടിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, താബ്രേസ് ഷംസി ഒരു വിക്കറ്റ് നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയം നേടി. ഒരു മത്സരം മഴ മൂലം നേരത്തെ ഉപേക്ഷിച്ചിരുന്നു.