തോല്‍ക്കുമെന്ന് തോന്നിപ്പിച്ച ശേഷം വീണ്ടും ഇന്ത്യയുടെ തിരിച്ചുവരവ്. തുടര്‍ച്ചയായി സമനിലയായ രണ്ടാം ടി20 മത്സരത്തിനൊടുവിലാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 7ന് 165ല്‍ അവസാനിച്ചതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്റ് 13 റണ്‍ നേടിയപ്പോള്‍ അഞ്ച് പന്തില്‍ ഇന്ത്യ 16 റണ്‍ അടിച്ച് വിജയിച്ചു.
ഇന്ത്യയുടെ 165 റണ്‍ പിന്തുടര്‍ന്ന ന്യൂസിലന്റ് തുടക്കം മുതല്‍ വിജയപ്രതീക്ഷയിലായിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ കോളിന്‍ മണ്‍റോയും(47 പന്തില്‍ 64) സെയ്‌ഫെര്‍ട്ടും(39 പന്തില്‍ 57) അവരുടെ വിജയപ്രതീക്ഷകള്‍ വളര്‍ത്തി.
അവസാന ഓവര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ എറിയാനെത്തുമ്പോള്‍ ആറ് പന്തില്‍ വെറും ഏഴ് റണ്‍ അകലെയായിരുന്നു കിവീസ് വിജയം. കൈവശമാകട്ടെ ഏഴ് വിക്കറ്റുകളും. ആദ്യ പന്തില്‍ അപകടകാരിയായ റോസ് ടെയ്‌ലറെ ശ്രേയസ് അയ്യര്‍ പറന്നു പിടിച്ചതോടെ ന്യൂസിലന്റ് പതറി. രണ്ടാം പന്തില്‍ ബൗണ്ടറി നേടി മിച്ചല്‍ വീണ്ടും കിവീസിന് മേല്‍ക്കൈ നല്‍കി. നാല് പന്തില്‍ വെറും മൂന്ന് റണ്‍ അകലെ വിജയലക്ഷ്യം.
മൂന്നാം പന്ത് കീപറിന്റെ കയ്യിലേക്ക് പോയെങ്കിലും ഇല്ലാത്ത റണ്ണിന് കിവീസ് താരങ്ങള്‍ ശ്രമിച്ചു. കെ.എല്‍ രാഹുലിന്റെ ത്രോ കുറ്റി തെറിപ്പിച്ചതോടെ സെയ്‌ഫെര്‍ട്ട്(57) പുറത്ത്. അഞ്ചാം പന്തില്‍ മിച്ചലിനെ ബൗണ്ടറി ലൈനില്‍ ദൂബെ പിടികൂടി. ഇതോടെ അവസാന പന്തില്‍ രണ്ട് റണ്‍ ജയിക്കാന്‍. ഡബിളിന് ശ്രമിച്ച കിവീസിനെ സഞ്ജുവിന്റെ ത്രോ റണ്‍ ഔട്ടാക്കി. വീണ്ടും തോറ്റെന്ന് കരുതിയ മറ്റൊരു മത്സരം കൂടി സമനിലയിലാക്കിയതോടെ ഇന്ത്യ മാനസികമായി വിജയിച്ചിരുന്നു.