Cricket Sports

കിവീസിനെ അനായാസം തോല്‍പിച്ച് ഇന്ത്യ

രണ്ടാം ടി20യില്‍ ന്യൂസിലന്റിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ. 2.3 ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യ കളി ജയിച്ചത്. ബൗളിംങില്‍ രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും ബാറ്റിംങില്‍ കിവീസിനെതിരെ തുര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയുമായി കെ.എല്‍ രാഹുലും(57*) ശ്രേയസ് അയ്യരുമാണ്(44) ഇന്ത്യക്കുവേണ്ടി തിളങ്ങിയത്.

ആദ്യ ടി20 നടന്ന ഈഡന്‍ പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ ഒതുങ്ങിയപ്പോഴേ കിവീസ് മാനസികമായി തോറ്റിരുന്നു. ആദ്യ കളിയില്‍ 204 റണ്‍സിന്റെ വിജയലക്ഷ്യം പോലും പ്രതിരോധിക്കാന്‍ കഴിയാതിരുന്ന കിവീസ് ബൗളര്‍മാര്‍ തുടരെ രണ്ടാം മത്സരത്തിലും നിസഹായരായി.

രോഹിത്തും(8) കോലിയും(11) വേഗത്തില്‍ മടങ്ങിയപ്പോള്‍ മാത്രമായിരുന്നു ന്യൂസിലന്റിന് അല്‍പമെങ്കിലും പ്രതീക്ഷ ലഭിച്ചത്. എന്നാല്‍ സാഹചര്യം മനസിലാക്കി ബാറ്റു വീശിയ കെ.എല്‍ രാഹുലും(50 പന്തില്‍ 57*) ശ്രേയസ് അയ്യരും(33 പന്തില്‍ 44) കളി തിരിച്ചു. ടി20യില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറിയാണ് രാഹുല്‍ നേടിയത്.

രാഹുല്‍ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും നേടിയപ്പോള്‍ ഒരു ബൗണ്ടറിക്കൊപ്പം ശ്രേയസ് മൂന്ന്‌സിക്‌സറുകളാണ് പറത്തിയത്. നാലാം സിക്‌സും അര്‍ധസെഞ്ചുറിയും നേടാനുള്ള ശ്രമത്തിനിടെയാണ് സോഥിയുടെ പന്തില്‍ സൗത്തിക്ക് ശ്രേയസ് ക്യാച്ച് നല്‍കി പുറത്തായത്. അപ്പോഴേക്കും 21 പന്തില്‍ 10 റണ്‍ മാത്രം മതിയായിരുന്നു ഇന്ത്യക്ക്. ദുബെ(4 പന്തില്‍ 8) എത്തി സിക്‌സോടെ ആ ചടങ്ങ് പൂര്‍ത്തിയാക്കുകയും ചെയ്തു.

ബുംറയും ഷമിയും ജഡേജയും കിവീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് പരമാവധി കുറവ് റണ്‍ മാത്രമാണ് വിട്ടുകൊടുത്തത്. മൂവരും അവരുടെ നിശ്ചിത നാല് ഓവറുകളില്‍ ആറ് റണ്ണില്‍ താഴെയായിരുന്നു നല്‍കിയത്. നാല് ഓവറില്‍ വെറും 18 റണ്‍ മാത്രം വിട്ടുകൊടുത്താണ് ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഒരു ബൗണ്ടറി പോലും ജഡേജക്കെതിരെ തൊടുക്കാന്‍ കിവീസ് ബാറ്റ്‌സ്മാന്മാര്‍ക്കായില്ല.

മത്സരശേഷം ബൗളര്‍മാരുടെ പ്രകടനത്തെ പൊതുവായും ജഡേജയുടെ ബൗളിംങിനെ പ്രത്യേകിച്ചും വിരാട് കോലി അഭിനന്ദിക്കുകയും ചെയ്തു. രണ്ടാം ടി20യുംവിജയിച്ചതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.