ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയിലെ റിസര്‍വ്ദിനമായ ഇന്നും രസംകൊല്ലിയായി മഴയെത്തുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴ മൂലം കളി തടസ്സപ്പെട്ടാല്‍ ഇന്ത്യ നേരെ ഫൈനലിലെത്തും. പോയിന്റ് പട്ടികയില്‍ മുന്നിലുളളതാണ് ഇവിടെ ഇന്ത്യക്ക് അനുകൂലമാകുന്നത്. ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എത്തിനില്‍ക്കെയാണ് മഴ എത്തിയത്.
23 പന്തുകള്‍ കൂടി ഇന്ത്യക്ക് എറിയാനുണ്ട്. ഒരു പക്ഷേ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് കഴിഞ്ഞ് ഇന്ത്യയുടെ ബാറ്റിങ് പുനരാരംഭിച്ചാലും കളി മഴ തടസ്സപ്പെടുത്തിയേക്കും. അത്തരത്തിലുള്ള കാലാവസ്ഥാ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് മഞ്ചസ്റ്ററിലേത്. ഇത് ഇന്നും അങ്ങനെതന്നെ നിലനില്‍ക്കും. 14മുതല്‍16 വരെയായിരിക്കും താപനില.
ബുംറയുടെയും ഭുവനേശ്വറിന്റെയും പന്തുകള്‍ക്ക് മുന്നില്‍ കിവീസിന് ഉത്തരമില്ലായിരുന്നു. ആദ്യ റണ്‍സ് നേടിയത് മൂന്നാം ഓവറില്‍. തൊട്ടടുത്ത ഓവറില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന് പുറത്തേക്ക് വഴി കാണിച്ചു ബുംറ. ഭയന്നുപോയ കിവീസിനെ രക്ഷപ്പെടുത്താന്‍ ഹെന്‍റി നിക്കോള്‍സിനൊപ്പം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ശ്രമം. നിക്കോള്‍സിന്റെ കുറ്റിപറിച്ച് ജഡേജയുടെ തിരിച്ചടി.
റോസ് ടെയ്ലര്‍ ക്രീസിലെത്തിയിട്ടും സ്കോറിന് ഒച്ചിന്റെ വേഗത മാത്രം. 95 പന്തില്‍ 67 റണ്‍സെടുത്ത വില്യംസണെ വീഴ്ത്തി ചഹല്‍ കിവീസിനെ വരിഞ്ഞു മുറുക്കി. സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഗ്രാന്‍ഡ്ഹോമും നീഷാമും പെട്ടെന്ന് മടങ്ങി. ടെയ്‌ലര്‍ ഇന്നിംഗ്സിന്റെ ഗിയര്‍ ചെയ്ഞ്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വില്ലനായി മഴയുടെ വരവ്.