ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോലി തിരിച്ചെത്തുന്നതാണ് ശ്രദ്ധേയം. മുംബൈയിൽ രാവിലെ 9.30നാണ് മത്സരം. മത്സരത്തിന് മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു.കാണ്‍പൂര്‍ ടെസ്റ്റിനിടെ കഴുത്തിലെ പരിക്ക് അലട്ടിയിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹ കളിക്കാന്‍ സജ്ജമെന്ന് വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ കാലാവസ്ഥ കൂടി പരിഗണിച്ചാവും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നും കോലി പറഞ്ഞു.
വിരാട് കോലി ടീമിലേക്ക് മടങ്ങിയെത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പ്. ആരാവും വിരാട് കോലിക്ക് വഴിമാറുക എന്ന ആകാംക്ഷ നിലനില്‍ക്കുന്നു. മോശം ഫോമിൽ തുടരുന്ന അജിങ്ക്യ രഹാനെ പുറത്താകും എന്നാണ് പ്രതീക്ഷിക്കുന്നത്. കാണ്‍പൂരില്‍ ഗംഭീര അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തുന്നതിനെ കുറിച്ച് ഇന്ത്യന്‍ മാനേജ്‌മെന്‍റിന് ചിന്തിക്കാനാവില്ല.
മോശം ഫോം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനും മധ്യനിര താരം ചേതേശ്വര്‍ പൂജാരയ്‌ക്കും സമ്മര്‍ദം നല്‍കുന്നു. പേസര്‍ ഇശാന്ത് ശര്‍മ്മയുടെ ഫോമും കോലിയെ ചിന്തിപ്പിക്കും. അതേസമയം രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ സ്‌പിന്‍ ത്രയത്തിന്‍റെ മിന്നും ഫോം ടീമിന് വലിയ പ്രതീക്ഷയാണ്.