Cricket Sports

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്‌

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയിച്ചാല്‍ ഇന്ത്യക്ക് അവസാന നാലിലെത്താം. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.

ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. കുല്‍ദീപ് യാദവും കേദാര്‍ ജാദവും പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാറും ദിനേശ് കാര്‍ത്തിക്കും ടീമിലെത്തി. ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റുപോയി. അതൊരു പാഠമായിരുന്നു. പോരായ്മകള്‍ പഠിപ്പിച്ച് തന്ന പാഠഭാഗം. ഇംഗ്ലീഷുകാരില്‍ നിന്ന് പഠിച്ചത് ഇനി കളത്തില്‍ പകര്‍ത്തണം. തിരിച്ചുവരണം. ബംഗ്ലാദേശ് കടന്ന് സെമി ഉറപ്പിക്കണം. കോലിയും രോഹിതും മുന്നില്‍ നിന്ന് നയിക്കുന്നതാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. ധോനിയുടേയും കേദാറിന്റേയും മെല്ലെപ്പോക്കിന് പഴി ഏറെ കേള്‍ക്കേണ്ടി വന്നു. ജാദവിന് പകരം രവീന്ദ്ര ജഡേജക്ക് അവസരം നല്‍കുന്നതിനെ കുറിച്ചും ചര്‍ച്ച നടക്കുന്നു. മധ്യനിരയില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ബാറ്റിങ് കോച്ച് സഞ്ജയ് ഭാംഗര്‍ പറയുന്നു. പരിക്കേറ്റ വിജയ് ശങ്കറും പുറത്ത് പോയതോടെ മായങ്ക് അഗര്‍വാള്‍ സംഘത്തോടൊപ്പം ചേരും. ഓപ്പണിങ്ങില്‍ രാഹുലിന് കഴിഞ്ഞ കളിയില്‍ തിളങ്ങാനായില്ല. ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച റിഷഭ് പന്തില്‍ പ്രതീക്ഷയുണ്ട്.

ബൌളിങ്ങില്‍ ബുംറ മികച്ച് നില്‍ക്കുന്നു. ഷമി വിക്കറ്റെടുക്കുന്നു. സ്പിന്നര്‍മാര്‍ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തി. ഇത് ശരിയായ സമയമാണ്. ടീം ഒന്നാകെ ഒന്ന് ഉണര്‍ന്നെഴുന്നേല്‍ക്കണം.

ബംഗ്ലാദേശിന് ജീവന്‍ മരണ പോരാട്ടമാണ്. പിന്നെ വഴിപാട് പോലെ അവസാന മത്സരം കളിച്ച് നാട്ടിലേക്ക് മടങ്ങാം. ബാറ്റിങ്ങില്‍ ഷാക്കിബ് അല്‍ഹസനാണ് ഹീറോ. മുഷ്ഫിക്കുറും തമീം ഇക്ബാലും കൂട്ടിന്. ബൌളിങ്ങിലും പ്രധാനി ഷാക്കിബ്. ഒപ്പം മുസ്തഫിസുറും മൊര്‍താസയും. പൊരുതാന്‍ പോന്നവര്‍ തന്നെ. തോല്‍വി പുറത്തേക്കുള്ള വഴിയാണെന്നതിനാല്‍ ബംഗ്ലാ കടുവകള്‍ കൈ മെയ് മറന്ന് പോരാടും എന്ന് ഉറപ്പ്.