ബോക്സിംഗ് ഡേ ടെസ്റ്റിൽ ആസ്ട്രേലിയ 195 റണ്‍സിന് പുറത്തായി. ടോസ് നേടി ആസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുമ്ര നാല് വിക്കറ്റും ആർ. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. മാത്യു വേഡ് (30), മാർനസ് ലബുഷെയ്ൻ (48), ട്രാവിസ് ഹെഡ് (38) എന്നിവരാണ് ആസ്ട്രേലിയന്‍ നിരയില്‍ ഇന്ത്യന്‍ ആക്രമണത്തില്‍ പിടിച്ചു നിന്നത്.
10 പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ നിന്ന ഓപ്പണർ ജോ ബേൺസിനെ പൂജ്യത്തിന് മടക്കി ബുംമ്രയാണ് തുടക്കമിട്ടത്. മാത്യു വേഡിനെയും (30) സ്റ്റീവൻ സ്മിത്തിനെയും (0) പുറത്താക്കി അശ്വിൻ ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കി. തുടർന്ന് ലബുഷെയ്നും ട്രാവിസ് ഹെഡും ചേർന്ന് ഓസീസ് സ്കോർ 100 കടത്തി. ഹെഡിനെ പുറത്താക്കി ബുമ്ര ഈ കൂട്ടുകെട്ടു പൊളിച്ചു.
132 പന്തുകൾ നേരിട്ട ലബുഷെയ്നെ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചാണ് സിറാജ് കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയത്. തൊട്ടുപിന്നാലെ കാമറൂൺ ഗ്രീനിനെയും സിറാജ് മടക്കി. 13 റൺസെടുത്ത ക്യാപ്റ്റൻ ടിം പെയ്ൻ ഹനുമാ വിഹാരിക്കു ക്യാച്ച് നൽകിയാണ് പുറത്തായത്.
നായകന് വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് അജിങ്ക്യ രാഹനെയാണ് ടീമിനെ നയിക്കുന്നത്. അഡ്ലെയ്ഡ് ഡേ-നൈറ്റ് ടെസ്റ്റില്‍ നിന്ന് ഇന്ത്യ വലിയ മാറ്റങ്ങളുമായിട്ടാണ് ഇറങ്ങിയത്. ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷാമി എന്നിവരെ ഒഴിവാക്കി. പകരം ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ ആദ്യ പതിനൊന്നിൽ ഇടംനേടി.
നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന് ആസ്ട്രേലിയക്കായിരുന്നു ജയം.