രാജ്‌കോട്ടില്‍ 36 റണ്‍സ് ജയത്തോടെ ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. കൂറ്റന്‍ സ്‌കോര്‍ നേടി ബാറ്റ്‌സ്മാന്മാരും നിശ്ചിത ഇടവേളയില്‍ വിക്കറ്റുവീഴ്ത്തി മുന്‍തൂക്കം കാത്തു സൂക്ഷിച്ച ബൗളര്‍മാരും ചേര്‍ന്നാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6ന് 340 റണ്‍സ് നേടിയിരുന്നു. മറുപടിക്കിറങ്ങിയ ആസ്‌ട്രേലിയയെ 49.1 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഔള്‍ ഔട്ടാക്കി. ഇന്ത്യന്‍ ജയത്തോടെ ബംഗളൂരുവില്‍ ഞായറാഴ്ച്ച നടക്കുന്ന മൂന്നാം ഏകദിനം നിര്‍ണ്ണായകമായി.
സ്‌കോര്‍
ഇന്ത്യ 340/6
ആസ്‌ട്രേലിയ 304ന് ഓള്‍ഔട്ട്(49.1/50ഓവര്‍)
ഓപണര്‍മാരും ആദ്യ ഏകദിനത്തിലെ സെഞ്ചൂറിയന്മാരുമായ ഡേവിഡ് വാര്‍ണറേയും(12 പന്തില്‍ 15) ആരോണ്‍ ഫിഞ്ചിനേയുമാണ്(48 പന്തില്‍ 33) ആസ്‌ട്രേലിയക്ക് നഷ്ടമായത്. വാര്‍ണറെ ഷമിയുടെ പന്തില്‍ പാണ്ഡെ പറന്നു പിടിച്ചപ്പോള്‍ ഫിഞ്ചിനെ ജഡേജയുടെ പന്തില്‍ കെ.എല്‍ രാഹുല്‍ സ്റ്റംമ്പ് ചെയ്യുകയായിരുന്നു.
പിന്നീട് സ്റ്റീവ് സ്മിത്തും(102 പന്തില്‍ 98) ലബുഷെയ്‌നും(47 പന്തില്‍ 46) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് സ്‌കോര്‍ 178ലെത്തിയപ്പോള്‍ ജഡേജ തകര്‍ത്തു. അത്രനേരം ആത്മവിശ്വാസത്തോടെ കളിച്ച ലബുഷെയ്ന്‍ ജഡേജക്കെതിരെ ഇരട്ട മനസോടെ ഷോട്ടുതിര്‍ത്തപ്പോള്‍ ഷമിയുടെ കൈകളില്‍ തീരുകയായിരുന്നു. വൈകാതെ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ വെച്ച് സ്റ്റീവ് സ്മിത്തിനെ കുല്‍ദീപ് യാദവ് പുറത്താക്കിയതോടെ ഓസീസ് പ്രതീക്ഷകള്‍ ഫലത്തില്‍ അസ്തമിച്ചു. ഇതോടെ ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ സ്പിന്നറായും കുല്‍ദീപ് മാറി. 58 ഇന്നിംങ്‌സുകളില്‍ നിന്നാണ് കുല്‍ദീപിന്റെ വിക്കറ്റ് സെഞ്ചുറി.
പിന്നീടുള്ള വിക്കറ്റുകള്‍ ഷമിയും ബുംറയും സെയ്‌നിയും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ടര്‍ണറിന്റേയും കുമ്മിന്‍സിന്റേയും വിക്കറ്റുകള്‍ തൊട്ടടുത്ത പന്തുകളില്‍ തെറിപ്പിച്ച് മറ്റൊരു ഹാട്രിക്കിന് അരികില്‍ കൂടി എത്തിയ ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാലറ്റത്തിനെതിരെ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞ് സെയ്‌നിയും രണ്ട് വിക്കറ്റ് നേടി. ഓവറില്‍ വെറും 3.49 റണ്‍സ് വീതം വിട്ടുകൊടുത്ത് ബുംറ ഒരു വശത്ത് ചെലുത്തിയ സമ്മര്‍ദമായിരുന്നു വിക്കറ്റായി മറ്റുള്ളവര്‍ കൊയ്തത്.
ആദ്യ ഏകദിനത്തിലെ പത്ത് വിക്കറ്റ് തോല്‍വി മറികടക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ത്യക്ക് തുണയായത് ധവാന്റേയും കോഹ്ലിയുടേയും കെ.എല്‍ രാഹുലിന്റേയും ബാറ്റിംങാണ്. ധവാന്‍ 90 പന്തുകളില്‍ നിന്നും 96 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ കോഹ്‌ലി 76 പന്തില്‍ നിന്നും 78 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്ത്യയെ 300 കടത്തുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും നല്‍കിയത്. ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 81 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. 13ാമത്തെ ഓവറില്‍ എല്‍.ബി വിക്കറ്റില്‍ കുടുങ്ങി രോഹിത് പുറത്താകുമ്പോള്‍ 42 റണ്‍സ് അടിച്ചെടുത്തിരുന്നു.
പിന്നീട് വന്ന വിരാട് കോഹ്‌ലിയുമായി ചേര്‍ന്ന് ധവാന്‍ സ്‌കോര്‍ ചലിപ്പിച്ചു. ധവാന്‍ സെഞ്ച്വറിക്കരികെ നില്‍ക്കുമ്പോള്‍ റിച്ചാഡ്‌സണിന്റെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു.
പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ പെട്ടെന്ന് പുറത്തായെങ്കിലും കെ.എല്‍ രാഹുലും വിരാട് കോഹ്‌ലിയും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 44ാമത്തെ ഓവറില്‍ 78 റണ്‍സെടുത്ത് കോഹ്‌ലി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 276.
അവസാനം ജഡേജ 16 പന്തില്‍ 20 റണ്‍സെടുത്ത് ഇന്ത്യയുടെ റണ്‍സ് 300 കടത്തുകയായിരുന്നു. ആസ്‌ത്രേലിയക്കായി സാംബ മൂന്ന് വിക്കറ്റും റിച്ചാഡ്‌സണ്‍ രണ്ട് വിക്കറ്റും വീതം വീഴ്ത്തി.