ഇന്ത്യ – ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഡ്‌ലേയ്ഡ് ഓവലിൽ രാത്രിയും പകലമുമായി നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കും.. ട്വന്റി-ട്വന്റി പരമ്പര നേടിയതും പരിശീലന മത്സരത്തിലെ മികച്ച പ്രകടനത്തിന്റെയും ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.
ബോർഡർ – ഗാവസ്കർ ട്രോഫിയുടെ പതിനഞ്ചാം പതിപ്പിന് അരങ്ങുണരുമ്പോൾ ആത്മവിശ്വാസത്തിൽ ഒരു പടി മുന്നിൽ ടീം ഇന്ത്യ തന്നെയാണ്. 2017ലും 2018ലും ഇരു ടീമുകളും കൊമ്പുകോർത്തപ്പോൾ ഇന്ത്യക്കായിരുന്നു പരമ്പര ജയം. കഴിഞ്ഞ തവണ കംഗാരുക്കളെ അവരുടെ നാട്ടിൽ മെരുക്കിയത് ആവർത്തിക്കാനുറച്ചാണ് കോലിപ്പട അഡ്‍ലൈഡിൽ ഇറങ്ങുന്നത്.
വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ പിങ്ക്ബോൾ ടെസ്റ്റെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മുൻ നിര താരങ്ങളായ രോഹിത് ശർമ, ഇശാന്ത് ശർമ, ഡേവിഡ് വാർണർ എന്നിവരുടെ അഭാവം ഇരു ടീമുകളെയും ബാധിക്കാനിടയുണ്ട്.
ഇന്നലെ തന്നെ ടീം മാനേജ്മെന്റ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ മായങ്ക് അഗർവാളിന് പൃഥ്വിഷാ സഹ ഓപ്പണറാകും. ഫോമിലുള്ള ശുഭ്മാൻ ഗില്ലും കെ.എൽ രാഹുലും പരിഗണിക്കപ്പെട്ടില്ല. പരിശീലന മത്സരത്തിൽ സെഞ്ചുറി നേടിയിട്ടും പന്തിനും അവസരമില്ല. സാഹയായിരിക്കും വിക്കറ്റ് കീപ്പർ.
ഷമി, ബുംറ സഖ്യം നയിക്കുന്ന ബൗളിങ് നിരയിൽ ഉമേഷ് യാദവ് മൂന്നാം പേസറാകും. ഉജ്വല ഫോമിലാണെങ്കിലും രവീന്ദ്ര ജഡേജയ്ക്കും ടീമിൽ ഇടമില്ല. മിച്ചൽ സ്റ്റാർക്ക്, പാറ്റ്കമ്മിൻസ് എന്നീപരിചയ സമ്പന്നർക്കൊപ്പം പുതുനിരയും ചേരുന്നതാണ് ആസ്ത്രേലിയൻ ബൗളിങ്. സ്റ്റീവൻ സ്മിത്ത്, ലാബുഷേയ്ൻ എന്നിവർ നയിക്കുന്ന ബാറ്റിങ് നിരയാകും ഇന്ത്യക്ക് വെല്ലുവിളിയാവുക.