രണ്ടാം ഏകദിനത്തില്‍ ജയിച്ച് ആസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. മുംബൈയില്‍ ഏറ്റ പത്തുവിക്കറ്റിന്റെ തോല്‍വിയുടെ ക്ഷീണം ഇപ്പോഴും ഇന്ത്യക്ക് തീര്‍ന്നിട്ടില്ല. ഇന്നു കൂടി തോറ്റാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ആസ്‌ട്രേലിയ സ്വന്തമാക്കുമെന്ന ഭീഷണിയുമുണ്ട്. രാജ്‌കോട്ടില്‍ ഇന്ന് ഉച്ചക്ക് 1.30നാണ് കളി.
വാങ്കഡെയില്‍ പാളിയ പരീക്ഷണങ്ങളായിരുന്നു ഇന്ത്യക്ക് പറയാനുള്ളതെങ്കില്‍ കൃത്യമായ പദ്ധതി വിചാരിച്ചതിനേക്കാള്‍ ഭംഗിയായി നടപ്പിലാക്കിയാണ് ആസ്‌ട്രേലിയ വരുന്നത്. കോലി ബാറ്റിംങ് ഓര്‍ഡറില്‍ താഴേക്ക് വന്നത്, ശ്രേയസ് പരാജയപ്പെട്ടത്, പന്തിന് പരിക്കേറ്റത് തുടങ്ങി അറിഞ്ഞും അറിയാതെയും വരുത്തിയ പിഴവുകളായിരുന്നു മൊത്തത്തില്‍. കോലി മൂന്നാം നമ്പറിലേക്ക് മടങ്ങിയെത്താനാണ് സാധ്യത.
തലക്ക് ബൗണ്‍സറേറ്റ് നിരീക്ഷണത്തിലായ പന്തിന് പകരം മനീഷ് പാണ്ഡെ കളിച്ചേക്കും. അടുത്ത ഏകദിനത്തില്‍ പന്ത് തിരിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ കെ.എല്‍ രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായേക്കും. വിക്കറ്റിന് മുന്നില്‍ കെ.എല്‍ രാഹുല്‍ ഫോമിലാണെങ്കില്‍ വിക്കറ്റിന് പിന്നിലെ പ്രകടനം ആശാവഹമല്ല. നിര്‍ണ്ണായക സമയത്ത് വിക്കറ്റ് കീപ്പറുടെ ഭാഗത്തു നിന്നുണ്ടാവുന്ന പിഴവ് ഇന്ത്യന്‍ പരീക്ഷണങ്ങളെ വീണ്ടും തിരിച്ചടിച്ചേക്കാം.
ഇന്ത്യയുടെ പ്ലേയിംങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ആദ്യ ഏകദിനത്തില്‍ മങ്ങിയ മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സെയ്‌നിയും കുല്‍ദീപ് യാദവിന് പകരം യുശ്‌വേന്ദ്ര ചഹാലും വന്നേക്കും. ആദ്യ കളിയില്‍ വമ്പന്‍ ജയം നേടിയ ടീമില്‍ ഫിഞ്ച് മാറ്റം വരുത്താന്‍ സാധ്യത കുറവാണ്.