ടീം ഇന്ത്യക്ക് ഇതെന്തു പറ്റി ? സോഷ്യല്‍ മീഡിയയിലെ ‘ഞെട്ടിക്കല്‍’ അല്ല. ക്രിക്കറ്റ് ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ ദിവസം. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ മൂന്നാം ദിനം ടീം ഇന്ത്യയുടെ കറുത്ത ദിനമായി. കംഗാരു പടയെ ഒന്നാം ഇന്നിങ്സില്‍ വെറും 191 റണ്‍സിന് പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബോളര്‍മാര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും നാണക്കേടിന്‍റെ ദിനമാണ് വരാനിരിക്കുന്നതെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ടീം ഇന്ത്യ കേവലം 36 റണ്‍സിനാണ് ബാറ്റിങിന് തിരശീലയിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്റിങ് തകര്‍ച്ചയാണ് ടീം ഇന്ത്യ നേരിട്ടത്.
ഓസീസ് പേസര്‍മാരുടെ തീപ്പൊരി പന്തുകള്‍ക്ക് മുമ്പില്‍ വിഖ്യാതമായ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. നായകന്‍ വിരാട് കൊഹ്‍ലിക്ക് പോലും രണ്ടക്കം കാണാനായില്ല. അഞ്ച് വിക്കറ്റ് നേടിയ ഹസല്‍വുഡും നാലു വിക്കറ്റെടുത്ത കമ്മിന്‍സുമാണ് ടീം ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഏഴു റണ്‍സ് ആയിരിക്കുമ്പോഴാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങുന്നത്. ഓപ്പണര്‍ പൃഥ്വി ഷാ നാലു റണ്‍സ് എടുക്കുന്നതിനിടെ കമ്മിന്‍സിന് ഇരയായി. തൊട്ടുപിന്നാലെ നൈറ്റ് വാച്ച്മാന്‍ ബുംറ രണ്ട് റണ്‍സുമായി കൂടാരം കയറി.
പിന്നീടങ്ങോട്ട് ഓസീസ് ബോളര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു കണ്ടത്. ക്രീസിലെത്തിയ ഒരാളെ പോലും നിലയുറപ്പിക്കാന്‍ അവര്‍ സമ്മതിച്ചില്ല. കൊഹ്‍ലിക്ക് വരെ കമ്മിന്‍സിനെ പ്രതിരോധിക്കാനായില്ല. തുടരെ തുടരെ വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ ഷമി റിട്ടയഡ് ഹര്‍ട്ടായി പുറത്തേക്ക് നടന്നതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന് അവസാനമായി. അങ്ങനെ ഓസീസിന്‍റെ വിജയലക്ഷ്യം 90 എന്ന് നിശ്ചയിക്കപ്പെട്ടപ്പോള്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെന്ന നാണക്കേടുമായി ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിലേക്ക്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ രണ്ടാം ദിനത്തിൽ ആസ്‌ട്രേലിയ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 244 റൺസിൽ അവസാനിപ്പിച്ച് ബാറ്റിങിനിറങ്ങിയ ആതിഥേയർ 191 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് 53 റണ്‍സ് ലീഡ് സ്വന്തമാക്കാനുമായി. നാല് വിക്കറ്റുകള്‍ വീഴ്ത്തി രവിചന്ദ്രൻ അശ്വിനാണ് ആസ്ട്രേലിയയുടെ നട്ടെല്ലൊടിച്ചത്. ഉമേഷ് യാദവ് മൂന്നും ബുംറ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ആറു വിക്കറ്റിന് 233 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യക്ക് ശേഷിച്ച നാലു വിക്കറ്റുകൾ നഷ്ടമായത് 11 റൺസ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയായിരുന്നു. കളി പുനരാരംഭിച്ച് രണ്ടാം ഓവറിൽ തന്നെ അശ്വിൻ (15) മടങ്ങി. തലേന്ന് ക്രീസിലുണ്ടായിരുന്ന വൃദ്ധിമൻ സാഹയുടേതായിരുന്നു (9) അടുത്ത ഊഴം. ഉമേഷ് യാദവും (6) മുഹമ്മദ് ഷമിയും (0) കാര്യമായി പൊരുതാതെ കീഴടങ്ങിയപ്പോൾ 25 പന്ത് മാത്രമേ ഓസീസിന് എറിയേണ്ടിവന്നുള്ളൂ.
പേസർമാരാണ് ഓസീസിന്‍റെ ബൌളിങ് നിരയില്‍ തിളങ്ങിയത്. മിച്ചൽ സ്റ്റാർക്ക് നാലും പാറ്റ് കമിൻസ് മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡും നതാൻ ലിയോണും ഓരോ വിക്കറ്റു വീതമെടുത്തു. ഇന്ത്യയുടെ ടോപ് സ്‌കോററായ വിരാട് കൊഹ്‍ലി (74) റണ്ണൗട്ടാവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഓസീസ് കരുതലോടെ തുടങ്ങിയെങ്കിലും സ്‌കോർ 16-ൽ നിൽക്കെ ബുംറ മാത്യു വെയ്ഡിനെ (8) വിക്കറ്റിനു മുന്നിൽ കുടുക്കി കളി തിരിച്ചു. തന്‍റെ അടുത്ത ഓവറിൽ ജോ ബേൺസിനെയും (8) ബുംറ തന്നെ മടക്കി. സ്റ്റീവ് സ്മിത്തിനെ (1) രഹാനെയുടെ കൈകളിലെത്തിച്ച അശ്വിൻ ട്രവിസ് ഹെഡ്ഡിനെ (7) സ്വന്തം പന്തിൽ പിടികൂടി. കാമറൂൺ വൈറ്റിനെ അശ്വിന്‍റെ പന്തിൽ കൊഹ്‍ലി ക്യാച്ചെടുത്തു പുറത്താക്കിയപ്പോൾ ഓസീസ് അഞ്ചിന് 79 എന്ന നിലയിൽ പതറി. ഒരുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും കരുതലോടെ ബാറ്റ് വീശിയ ലബുഷെയ്നും ടിംപെയ്നും ആണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ടിം പെയ്ന്‍റെ 73 റണ്‍സും ലബുഷെയ്ന്‍റെ 47 റണ്‍സുമാണ് ഓസീസിന് നിര്‍ണായകമായത്.