Cricket Sports

ഇന്ത്യക്ക് നാണം കെട്ട തോല്‍വി

ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ നാണം കെട്ട തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം 74 പന്തുകള്‍ ശേഷിക്കെയാണ് വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നത്. ആസ്‌ട്രേലിയക്കുവേണ്ടി ഓപണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും സെഞ്ചുറി നേടി.

സ്‌കോര്‍

ഇന്ത്യ 255 ഓള്‍ ഔട്ട്(49.1/50ഓവര്‍)

ആസ്‌ട്രേലിയ 258/0(37.4/50ഓവര്‍)

വാങ്കഡെയില്‍ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ബാറ്റിംങിന് പിന്നാലെ ബൗളിംങിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. മറുവശത്ത് എല്ലാം ഓസീസ് പദ്ധതിക്കനുസരിച്ച് നീങ്ങിയപ്പോള്‍ പത്തുവിക്കറ്റിന്റെ ജയവുമായാണ് അവര്‍ ഇന്ത്യയിലെ ഏകദിനപരമ്പരക്ക് തുടങ്ങിയിരിക്കുന്നത്.

112 പന്തുകളില്‍ നിന്നും 17 ഫോറും മൂന്നു സിക്‌സറും അടക്കമാണ് ഡേവിഡ് വാര്‍ണര്‍ 128 റണ്‍ നേടിയത്. ആരോണ്‍ ഫിഞ്ചാകട്ടെ 114 പന്തില്‍ 13 ഫോറും രണ്ട് സിക്‌സറുകളും അടക്കം 110 റണ്‍ അടിച്ചുകൂട്ടി. എല്ലാം ഓസീസ് പദ്ധതിക്കനുസരിച്ച് നീങ്ങുന്ന കാഴ്ച്ചയാണ് വാങ്കഡെയില്‍ കാണാനായത്.

ടോസില്‍ തുടങ്ങി ആസ്‌ട്രേലിയന്‍ മേധാവിത്വം. ചെറിയ ഇടവേളക്കുശേഷം ഏകദിനം കളിക്കാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പാളി. കളിയുടെ തുടക്കത്തില്‍ ലഭിക്കുന്ന ചെറിയ സഹായങ്ങള്‍ പരമാവധി മുതലാക്കിയായിരുന്നു സ്റ്റാര്‍ക്കും കുമ്മിന്‍സും പന്തെറിഞ്ഞത്. മുംബൈ ബോയ് രോഹിത് ശര്‍മ്മക്ക്(15 പന്തില്‍ 10) സ്റ്റാര്‍ക്കിന്റെ പന്തിന്റെ ലെങ്ത് പിഴച്ചപ്പോള്‍ വാര്‍ണറുടെ കൈകളില്‍ തീര്‍ന്നു.

ശിഖര്‍ ധവാനും(91 പന്തില്‍ 74) കെ.എല്‍ രാഹുലും(47) ഒത്തു ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ മാത്രമാണ് ഇന്ത്യക്ക് അല്‍പമെങ്കിലും മേല്‍ക്കൈ ലഭിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സ്‌കോര്‍ 134ല്‍ എത്തി നില്‍ക്കെ രാഹുലിനെ സ്മിത്തിന്റെ കൈകളിലെത്തിച്ച് അഗാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ധവാനെ കുമ്മിന്‍സ് മടക്കുകയും ചെയ്തു.

14 പന്തില്‍ ഒരു സിക്‌സ് അടക്കം 16 റണ്‍സടിച്ച കോലിയെ സാംബ സ്വന്തംഏറില്‍ പിടിച്ചതോടെ ഇന്ത്യന്‍ ബാറ്റിംങിന്റെ പാളം തെറ്റി. പേസ് ബൗളിംങിന്റെ സൗന്ദര്യം എന്താണെന്ന് കാണിച്ചുകൊടുത്തായിരുന്നു ശ്രേയസ് അയ്യരെ(4) കീപ്പറുടെ കൈകളിലേക്ക് സ്റ്റാര്‍ക്ക് എത്തിച്ചത്. തുടര്‍ച്ചയായ ഷോട്ട് ബോളുകള്‍ കൊണ്ട് വശം കെട്ട ശ്രേയസ് തൊട്ടടുത്ത് വന്ന ഗുഡ് ലെങ്ത് ബോളിന് ബാറ്റുവെച്ചുകൊടുക്കുകയായിരുന്നു.

പന്തും(33 പന്തില്‍ 28) ജഡേജയും(32 പന്തില്‍ 25) ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും മൂപ്പെത്തും മുമ്പേ തീര്‍ന്നു. ശാര്‍ദൂല്‍ താക്കൂര്‍(13), ഷമി(10), കുല്‍ദീപ്(17) എന്നിവരുടെ കൂടി വിലപ്പെട്ട സംഭാവനകള്‍ ചേര്‍ത്താണ് ഇന്ത്യ 255 റണ്‍സിലെങ്കിലും എത്തിയത്.

പന്തെടുത്ത അഞ്ച് ആസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു. കൂട്ടത്തില്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്കിന്റേതായിരുന്നു മികച്ച പ്രകടനം. കുമ്മിന്‍സും റിച്ചാഡ്‌സണും രണ്ട് വീതം വിക്കറ്റുകളും സ്പിന്നര്‍മാരായ സാംബയും അഗാറും ഓരോ വിക്കറ്റുകളും വീഴ്ത്തി. ഒരു ബൗളര്‍ പോലും ഓവറില്‍ ആറ് റണ്‍സില്‍ കൂടുതല്‍ വിട്ടു കൊടുത്തില്ലെന്നതും ശ്രദ്ധേയമാണ്.