Cricket Sports

ശേഷിക്കുന്ന വിക്കറ്റും വീഴ്ത്തി നദീം;പരമ്പര തൂത്തുവാരി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. റാഞ്ചി ടെസ്റ്റില്‍ ഇന്നിങ്‌സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ-497-9, ദക്ഷിണാഫ്രിക്ക: 162,133. ആദ്യ രണ്ട് ടെസ്റ്റിലും ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം.

മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ടിന് 132 എന്ന നിലയിലായിരുന്നു. നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത് ഒരു റണ്‍സ് മാത്രം. ഇന്ന് ആദ്യം പന്തെറിഞ്ഞത് ഷമി, ലെഗ് ബൈയിലൂടെ ദക്ഷിണാഫ്രിക്ക ഒരു റണ്‍സ് നേടി. രണ്ടാം ഓവര്‍ എറിഞ്ഞ ഷഹബാസ് നദീം ശേഷിക്കുന്ന രണ്ട് വിക്കറ്റും വീഴ്ത്തി ഇന്ത്യക്ക് ജയം നേടിക്കൊടുത്തു. മൂന്ന് വിക്കറ്റെടുത്ത ഷമിയും രണ്ട് വിക്കറ്റെടുത്ത ഉമേഷ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നദീം രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്‌സിലും ഇന്ത്യന്‍ പേസര്‍മാരാണ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് (5), സുബൈര്‍ ഹംസ (0), ഡുപ്ലേസി (4), തെംബ ബാവുമ (0), ഹെന്റിച് ക്ലാസ്സന്‍ (5), ജോര്‍ജ് ലിന്‍ഡെ (27), ഡെയ്ന്‍ പീറ്റ് (23), കഗീസോ റബാദ (16 പന്തില്‍ 12) എന്നിവരെ നിലയുറപ്പിക്കും മുമ്പെ പറഞ്ഞയച്ചു. ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനു പരുക്കേറ്റതോടെയാണ് സബ്സ്റ്റിറ്റ്യൂട്ട് ആയി ഡിബ്രൂയിന്‍ കളത്തിലിറങ്ങിയത്. 30 റണ്‍സെടുത്ത ഡിബ്രൂയിന്‍ ആയിരുന്നു രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറര്‍.

രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറിയുടെയും (212) അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെയും (115) ബലത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 497 റൺസിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.