Cricket Sports

ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ച ഇന്ത്യന്‍ ബോളര്‍മാര്‍

അവസരത്തിനൊത്ത് ഉയര്‍ന്ന ബൌളിങ് നിരയാണ് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തുണയായത്. ആദ്യ രണ്ട് വിക്കറ്റുകള്‍ നേടി ജസപ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടപ്പോള്‍ നാല് വിക്കറ്റ് നേടിയാണ് യുസ്‍വേന്ദ്ര ചാഹല്‍ കളം വിട്ടത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് 9 വിക്കറ്റിന് 227 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഏറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് മൂന്നാമത്തെ ഓവറില്‍ സ്വന്തമാക്കിയാണ് ബുംറ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 19ാമത്തെ ഓവറില്‍ ഫാഫ് ഡ്യൂ പ്ലസിസിന്റെയും വാന്‍ഡെര്‍ ഡ്യൂസന്റെയും വിക്കറ്റ് ചാഹല്‍ സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ മധ്യനിര തകര്‍ന്നു.

കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീണു. കുല്‍ദീപ് യാദവ് ചഹലിന് മികച്ച പിന്തുണയേകി ഒരു വിക്കറ്റും സ്വന്തമാക്കി. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാറും മികവ് കാട്ടി. ബൌളിങ്ങിന്റെ പേരില്‍ എന്നും പഴികേട്ട ഇന്ത്യന്‍ സംഘം, അതേ ബൌളര്‍മാരുടെ കരുത്ത് ആയുധമാക്കുകയാണ്. ഈ ബൌളിങ് സംഘത്തില്‍ പ്രതീക്ഷകള്‍ ഏറെയാണ്.