Cricket Sports

രണ്ടാം ദിനവും കീവികള്‍ പറന്നുയര്‍ന്നില്ല; ഇനി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ഊഴം

മഴ മുടക്കിയ ആദ്യ സെമി ഫൈനല്‍ മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യക്ക് 240 വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 239/8 റണ്‍സിന് ന്യൂസിലാന്‍റ് ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. കാലങ്ങളായി കീവി മധ്യനിരയുടെ വിശ്വസ്ഥനായ റോസ് ടൈലര്‍ 90 പന്തുകളില്‍ നിന്നും 74 റണ്‍സ് നേടി മികച്ച പോരാട്ടം കാഴ്ചവെച്ചു. ജഡേജയുടെ കിടിലന്‍ ത്രോക്ക് മുന്നില്‍ പക്ഷെ ടൈലര്‍ റണ്ണൌട്ടാവുകയായിരുന്നു. സാഹചര്യങ്ങള്‍ മികച്ച ബാറ്റിങ്ങിനെ സൂചിപ്പിക്കുന്നതിനാലും ഔട്ട്ഫീല്‍ഡും പിച്ചും ഫഷ് ആയി തന്നെ കാണുന്നതിനാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായേക്കാം. എന്നിരുന്നാലും മികച്ച പേസ് നിരയുള്ള ന്യൂസിലാന്‍റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ പിടിച്ചുകെട്ടുമോ എന്നാണ്.

തുടക്കത്തില്‍ തന്നെ ബുംറയുടെയും ഭുവനേശ്വറിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പകച്ച കിവീസ് ആദ്യ റണ്‍സ് നേടിയത് മൂന്നാം ഓവറിലാണ് ‍. തൊട്ടടുത്ത ഓവറില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന് ബുംറ പുറത്തേക്ക് വഴി കാണിച്ചു. ഭയന്നുപോയ കിവീസിനെ രക്ഷപ്പെടുത്താന്‍ ഹെന്‍റി നിക്കോള്‍സിനൊപ്പം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും കിണഞ്ഞ് ശ്രമിച്ചു. അപ്പോഴേക്കും നിക്കോള്‍സിന്റെ കുറ്റിപറിച്ച് ജഡേജ തിരിച്ചടിച്ചു.

റോസ് ടെയ്ലര്‍ ക്രീസിലെത്തിയിട്ടും സ്കോറിന് ഒച്ചിന്റെ വേഗത മാത്രമാണുണ്ടായിരുന്നത്. 95 പന്തില്‍ 67 റണ്‍സെടുത്ത വില്യംസണെ വീഴ്ത്തി ചഹല്‍ കിവീസിനെ വരിഞ്ഞു മുറുക്കിയപ്പോള്‍ പ്രതിസന്ധി രൂക്ഷമായി. സ്കോര്‍‌ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഗ്രാന്‍ഡ്ഹോമും നീഷാമും പെട്ടെന്ന് മടങ്ങി. ടെയ്‌ലര്‍ ഇന്നിംഗ്സിന്റെ ഗിയര്‍ ചെയ്ഞ്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വില്ലനായി മഴയുടെ വരവ്. മഴ ഏറെ വൈകിയും തുടര്‍ന്നതോടെ മത്സരം ഇന്നേക്ക് നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്കായി ബുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, ചഹാല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.