നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്. ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ഫിഫ്റ്റി നേടി. 59 പന്തിൽ 74 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ രോഹിത് ശർമ ടോപ്പ് സ്കോററായപ്പോൾ ശുഭ്മൻ ഗിൽ 62 പന്തിൽ പുറത്താവാതെ 67 റൺസ് നേടി. ജയത്തോടെ ഇന്ത്യ അടുത്ത റൗണ്ടിലെത്തി.
നേപ്പാൾ മുന്നോട്ടുവച്ച 231 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇന്ത്യ ആദ്യ ഓവർ മെയ്ഡനാക്കിയാണ് തുടങ്ങിയത്. കരൺ കെസിയുടെ ആദ്യ ഓവറിൽ രോഹിത് വളരെ ബുദ്ധിമുട്ടി. രണ്ടാം ഓവറിൽ മൂന്ന് ബൗണ്ടറിയടിച്ച് ശുഭ്മൻ ഗിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. മഴയ്ക്ക് ശേഷവും രോഹിത് ടൈമിങ്ങിനായി ബുദ്ധിമുട്ടി. സന്ദീപ് ലമിഛാനെ എറിഞ്ഞ ഏഴാം ഓവറിൽ ഒരു ബൗണ്ടറിയും സിക്സറുമടിച്ചതോടെ രോഹിത് ട്രാക്കിലെത്തി. 39 പന്തുകളിൽ താരം ഫിഫ്റ്റി തികച്ചു. ഇതിനിടെ 46 പന്തിൽ ഗിൽ ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷവും ആക്രമണം തുടർന്ന രോഹിത് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. 147 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് ഗില്ലും രോഹിതും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 48.2 ഓവറിൽ 230 റൺസിന് ഓൾ ഔട്ടായിരുന്നു. 58 റൺസ് നേടിയ ആസിഫ് ഷെയ്ഖ് നേപ്പാളിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ സോംപാൽ കാമിയുടെ (48) ഇന്നിംഗ്സ് അവരെ 200 കടത്തി. കുശാൽ ഭുർട്ടൽ (38) ആണ് മറ്റൊരു പ്രധാന സ്കോറർ. ഫീൽഡിൽ ഇന്ത്യയുടെ മോശം പ്രകടനവും നേപ്പാളിനു തുണയായി. മൂന്നോ നാലോ ക്യാച്ചുകളാണ് ഇന്ത്യ നിലത്തിട്ടത്.