ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നു. അയല്‍ക്കാരായ അഫ്ഗാനിസ്ഥാനാണ് എതിരാളി. വൈകീട്ട് മൂന്നിന് സതാംപ്ടണിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് വെസ്റ്റിന്‍ഡീസിനെയും നേരിടും.
കളിച്ച മൂന്ന് മത്സരവും ജയിച്ച് മുന്നോട്ടുകുതിക്കുന്ന ഇന്ത്യക്ക് സതാംപ്ടണില്‍ വലിയ സമ്മര്‍ദങ്ങളുണ്ടാകില്ല. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ 7 പോയിന്റുമായി ഇന്ത്യ നാലാമതുണ്ട്. ശക്തമായ ബാറ്റിങ് ബൗളിങ് നിര ഇന്ത്യക്ക് അവകാശപ്പെടാനുണ്ട്. രോഹിത്, രാഹുല്‍, കോഹ്‍ലി, ഹാര്‍ദിക് പാണ്ഡ്യ, ധോണി, തുടങ്ങിയ വലിയ താരനിരയുണ്ട് ബാറ്റിങ്ങില്‍. റിഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നതും പ്രതീക്ഷയാണ്.
ഭുവനേശ്വര്‍ പരിക്കേറ്റ് സൈഡ് ബെഞ്ചിലിരുന്നാലും പന്തെറിയാന്‍ ഷമിയുണ്ടാകും. പരിശീലനത്തിനിടെ ബൂംറയുടെ പന്തില്‍ വിജയ് ശങ്കറിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാലും ഒരു ടീമിനെയും നിസാരക്കാരായി കാണുന്നില്ലെന്ന് കോഹ്‍ലി പറയുന്നു. 104 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്‍ലി 20000 റണ്‍സ് പിന്നിടും.
അഫ്ഗാന്റെ സാധ്യതകളെല്ലാം അവസാനിച്ചതാണ്. ഇന്ത്യക്കെതിരെ മികച്ചൊരു മത്സരം മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. മോശം ഫോമും ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും വല്ലാതെ അലട്ടുന്നുണ്ട്. പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് ലോകകപ്പിന് ശേഷം ടീമുമായി കരാര്‍ പുതുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. റാഷിദ് ഖാന്‍ ഇതുവരെ തിളങ്ങിയിട്ടില്ല. എങ്കിലും സ്പിന്നര്‍മാരിലാണ് അഫ്ഗാന്റെ പ്രതീക്ഷ. കാലാവസ്ഥ അനുകൂലമായതിനാല്‍ റണ്‍മഴ പെയ്യുമെന്ന് പ്രതീക്ഷിക്കാം.