Cricket

മികച്ച തുടക്കം മുതലെടുക്കാനായില്ല; അവസാന ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 21 റൺസിനാണ് ഓസ്ട്രേലിയയുടെ ജയം. ഓസ്ട്രേലിയ മുന്നോട്ടുവച്ച 270 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 248 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. ജയത്തോടെ ഓസ്ട്രേലിയ പരമ്പര നേടി. 54 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ആദം സാമ്പ 4 വിക്കറ്റ് വീഴ്ത്തി. 

രോഹിത് ശർമയും ശുഭ്മൻ ഗിലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. രോഹിത് ടി-20 ശൈലിയിൽ അടിച്ചുതകർത്തപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു. 65 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ രോഹിത് മടങ്ങി. 17 പന്തിൽ 30 റൺസെടുത്താണ് രോഹിത് പുറത്തായത്. ശുഭ്മൻ ഗിലും (37) ഏറെ വൈകാതെ മടങ്ങി. മൂന്നാം വിക്കറ്റിൽ വിരാട് കോലിയും കെഎൽ രാഹുലും ചേർന്ന് 69 റൺസ് കൂട്ടുകെട്ടുയർത്തി ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ, 32 റൺസെടുത്ത് രാഹുലും പിന്നാലെ അക്സർ പട്ടേലും (2) മടങ്ങിയതോടെ ഓസ്ട്രേലിയ പിടിമുറുക്കി. ഇതിനിടെ കോലി ഫിഫ്റ്റി തികച്ചു. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ കോലിയും തൊട്ടടുത്ത പന്തിൽ സൂര്യകുമാർ യാദവും (0) പുറത്ത്.

വിക്കറ്റുകൾ തുടരെ നഷ്ടമാവുമ്പോഴും അനായാസം ബാറ്റ് ചെയ്ത ഹാർദിക് പാണ്ഡ്യയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ. രവീന്ദ്ര ജഡേജയുടെ മെല്ലെപ്പോക്ക് ഇന്ത്യയ്ക്ക് പ്രതികൂലമായി ബാധിച്ചു. ഒടുവിൽ സമ്മർദ്ദം ശക്തമാകവെ സ്റ്റീവ് സ്‌മിത്തിൻ്റെ അസാമാന്യ ക്യാപ്റ്റൻസിയ്ക്ക് മുന്നിൽ ഹാർദിക് വീണു. 40 പന്തുകൾ നേരിട്ട് 40 റൺസെടുത്ത ഹാർദിക് മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. രവീന്ദ്ര ജഡേജയും (18) സമ്മർദ്ദത്തിൽ വീണു. മുഹമ്മദ് ഷമി (14),

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസിന് ഓൾ ഔട്ടായി. സ്റ്റീവ് സ്‌മിത്ത് ഒഴികെ ഓസീസ് നിരയിൽ എല്ലാവരും ഇരട്ടയക്കം കടന്നു. എന്നാൽ, ആർക്കും ഫിഫ്റ്റി നേടാനായില്ല. 47 റൺസ് നേടിയ മിച്ചൽ മാർഷ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി കുൽദീപ് യാദവും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.