ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിലാണ്. 4 വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ കോലിയും പന്തും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ക്രീസിൽ തുടരുകയാണ്.
2 വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ചത്. തലേ ദിവസത്തെ സ്കോറിലേക്ക് ഒരു റൺ കൂടി ചേർക്കുമ്പോഴേക്കും ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനത്തിലെ അതേ സ്കോറിൽ പൂജാര (9) മടങ്ങിയപ്പോൾ അടുത്ത ഓവറിൽ രഹാനെയും (1) പുറത്ത്. കൂട്ടത്തകർച്ച മുന്നിൽ നിൽക്കെ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന കോലി-പന്ത് സഖ്യം ഇന്ത്യയെ രക്ഷപ്പെടുത്തിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് അപരാജിതമായ 72 റൺസിൻ്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ ഉയർത്തിയത്. ഇതിനിടെ പന്ത് തൻ്റെ ഫിഫ്റ്റി തികച്ചു. പന്തും (51) കോലിയും (28) പുറത്താവാതെ നിൽക്കുന്നു.
13 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കൻ പേസർമാർ നന്നായി പരീക്ഷിച്ചു. പലതവണ ഓപ്പണർമാരെ വിറപ്പിച്ച പ്രോട്ടീസ് ഒടുവിൽ അഗർവാളിലൂടെ (7) ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്തി. റബാഡയാണ് താരത്തെ മടക്കിയത്. അടുത്ത ഓവറിൽ രാഹുലും (10) പുറത്ത്. മാർക്കോ ജൻസെനായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി-പൂജാര സഖ്യം പ്രോട്ടീസ് പേസാക്രമണത്തെ സമർത്ഥമായി നേരിട്ടു. ഇടക്ക് ചില വെല്ലുവിളികൾ ഉയർത്തിയെങ്കിലും ഏറെ ശ്രദ്ധയോടെയായിരുന്നു ഇരുവരും ബാറ്റ് വീശിയത്.