ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ ജഴ്സി അവതരിപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ ബാറ്റർ ലോകേഷ് രാഹുൽ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യൻ ജഴ്സി അവതരിപ്പിച്ചത്. കടും നീല നിറത്തിലാണ് ജഴ്സി. ജഴ്സിയിലെ പാറ്റേണുകൾ ഇന്ത്യക്കായി ആർപ്പുവിളിക്കുന്ന ആരാധകരെ പ്രതിനിധീകരിക്കുന്നതാണെന്ന് ബിസിസിഐ അറിയിച്ചു. (india jersey world cup)
ബൈജൂസ് ആണ് ഇന്ത്യയുടെ പ്രധാന സ്പോൺസർ. പ്രമുഖ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ എംപിഎൽ ടീമിൻ്റെ ജഴ്സി സ്പോൺസർമാരാണ്. ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ്ജഴ്സിക്ക് ലഭിക്കുന്നത്.
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.