ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങൾ ഐസിസി പുറത്തുവിട്ടു. യോഗ്യതാ മത്സരങ്ങൾ ഒമാൻ, അബുദാബി, ഷാർജ എന്നീ വേദികളിലും സൂപ്പർ 12 മത്സരങ്ങൾ അബുദാബി, ദുബായ്, ഷാർജ എന്നീ വേദികളിലുമായാണ് നടക്കുക. യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. പിറ്റേന്ന്, ഒക്ടോബർ 24 മുതലാണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമാവുക. (t20 world cup india)
സൂപ്പർ 12 ഘട്ടത്തിൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇന്ത്യക്കൊപ്പം പാകിസ്താ, അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. ഒക്ടോബർ 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായിലാണ് മത്സരം നടക്കുക. ഒക്ടോബർ 31നു നടക്കുന്ന രണ്ടാം മത്സരത്തിൽ ന്യൂസീലൻഡ് ഇന്ത്യയുടെ എതിരാളികളാവും. ഈ മത്സരവും ദുബായിലാണ്. നവംബർ മൂന്നിനാണ് ഇന്ത്യയുടെ മൂന്നാം മത്സരം. അഫ്ഗാനിസ്ഥാനെതിരെ അബുദാബിയിലാണ് ഈ മത്സരം നടക്കുക.
നവംബർ അഞ്ചാം തീയതി നടക്കുന്ന നാലാം മത്സരത്തിൽ യോഗ്യതാ റൗണ്ടിലെ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി എത്തിയ ടീമാണ് ഇന്ത്യയുടെ എതിരാളികൾ. ദുബായിലാണ് മത്സരം. എട്ടാം തീയതിയാണ് ഇന്ത്യയുടെ അവസാന സൂപ്പർ 12 മത്സരം. എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അവസാന 12ലെത്തിയ ടീമിനെയാണ് ഇന്ത്യ ഈ മത്സരത്തിൽ നേരിടുക. ഈ മത്സരവും ദുബായിലാണ്. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7.30നാണ് നടക്കുക.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഒമാനിലാണ് ഗ്രൂപ്പ് ബി മത്സരങ്ങൾ.ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. അബുദാബിയിലും ഷാർജയിലുമായാണ് മത്സരങ്ങൾ. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.