Cricket Sports

സഞ്ജു അടക്കം നാല് താരങ്ങൾക്ക് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് റെക്കോർഡ് സ്കോർ


വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 351 റൺസ് നേടി. വിൻഡീസിനെതിരെ അവരുടെ നാട്ടിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ്. 85 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് 2 വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ കളിയിലെ പോലെ രോഹിതിനും കോലിക്കും വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വീണ്ടും ഇഷാൻ കിഷനും ശുഭ്മൻ ഗില്ലും തകർപ്പൻ തുടക്കം നൽകി. പരമ്പരയിൽ തുടരെ മൂന്നാം സെഞ്ചുറി നേടിയ കിഷനും ഗില്ലും ചേർന്ന് ആദ്യം വിക്കറ്റിൽ 143 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 64 പന്തിൽ 77 റൺസ് നേടിയ കിഷനെ പുറത്താക്കിയ യാനിക് കരിയ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം നമ്പറിലെത്തിയ ഋതുരാജ് ഗെയ്ക്വാദ് വേഗം പുറത്തായി. എന്നാൽ, നാലാം നമ്പറിലെത്തിയ മലയാളി താരം സഞ്ജു സാംസൺ ടി-20 മോഡിലായിരുന്നു.

നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സർ നേടിയ സഞ്ജു അനായാസം ബൗണ്ടറി ക്ലിയർ ചെയ്തു. സാധാരണ റൺ വരൾച്ച ഉണ്ടാവാറുള്ള മധ്യ ഓവറുകളിൽ സഞ്ജുവിൻ്റെ കൗണ്ടർ അറ്റാക്കാണ് ഇന്ത്യയുടെ റൺ നിരക്ക് താഴാതെ സൂക്ഷിച്ചത്. 39 പന്തുകളിൽ 2 ബൗണ്ടറിയും 4 സിക്സറും സഹിതം സഞ്ജു തൻ്റെ മൂന്നാം ഏകദിന ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ റൊമാരിയോ ഷെപ്പേർഡിനു മുന്നിൽ വീണെങ്കിലും 41 പന്തിൽ 51 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. പുറത്താവുമ്പോൾ മൂന്നാം വിക്കറ്റിൽ ഗില്ലിനൊപ്പം 69 റൺസിൻ്റെ കൂട്ടുകെട്ടിലും സഞ്ജു പങ്കാളി ആയി. സഞ്ജു പുറത്തായതോടെ ഇന്ത്യയുടെ റൺ നിരക്ക് കുത്തനെ താഴ്ന്നു. അഞ്ചാം നമ്പറിലെത്തിയ ഹാർദിക് പാണ്ഡ്യ ടൈമിംഗിനു ബുദ്ധിമുട്ടിയപ്പോൾ ഗില്ലിനും ബൗണ്ടറികൾ കണ്ടെത്താനായില്ല. ഇതിനിടെ 85 റൺസ് നേടിയ ഗില്ലിനെ ഗുഡകേഷ് മോട്ടി മടക്കി അയച്ചു. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവും ആദ്യ ഘട്ടങ്ങളിൽ ബുദ്ധിമുട്ടി. പിന്നീട് ഇരുവരും സാവധാനം ബൗണ്ടറികൾ നേടിത്തുടങ്ങി. ഇതിനിടെ 30 പന്തിൽ 35 റൺസ് നേടിയ സൂര്യയെ റൊമാരിയോ ഷെപ്പേർഡ് പുറത്താക്കി. അവസാന മൂന്ന് ഓവറുകളിൽ ഹാർദിക് നേടിയ ബൗണ്ടറികളാണ് ഇന്ത്യൻ സ്കോർ 350 കടത്തിയത്. 52 പന്തിൽ 77 റൺസ് നേടിയ ഹാർദിക് നോട്ടൗട്ടാണ്.