Cricket Sports

ടി-20 മോഡിൽ യശസ്വി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. 70 പന്തിൽ 76 റൺസുമായി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ കരുത്ത്. ക്യാപ്റ്റൻ രോഹിത് ശർമ 24 റൺസെടുത്ത് പുറത്തായി.

ആക്രമിച്ചാണ് ഇന്ത്യ തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ യശസ്വി തകർപ്പൻ ഫോമിലായിരുന്നു. ആദ്യ ടെസ്റ്റ് കളിക്കുന്ന സ്പിന്നർ ടോം ഹാർട്ലിയെ തെരഞ്ഞുപിടിച്ച് ആക്രമിച്ച യശസ്വി അനായാസം സ്കോർ ഉയർത്തി. ജാക്ക് ലീച്ച് വന്നതോടെ റൺ നിരക്ക് കുറഞ്ഞെങ്കിലും ഒരു വശത്തുകൂടി സ്കോർ കുതിച്ചു. രോഹിത് ശർമ്മയും അനായാസം ബൗണ്ടറികൾ കണ്ടെത്തി. ഇതിനിടെ 47 പന്തിൽ യശസ്വി ഫിഫ്റ്റി തികച്ചു. 80 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ഒടുവിൽ ലീച്ചാണ് തകർത്തത്. ക്രീസ് വിട്ടിറങ്ങി കൂറ്റൻ ഷോട്ടിനു ശ്രമിച്ച രോഹിതിനെ (24) ബെൻ സ്റ്റോക്സ് പിടികൂടി.

മൂന്നാം നമ്പറിലെത്തിയ ഗിൽ പ്രതിരോധത്തിൻ്റെ മാർഗമാണ് സ്വീകരിച്ചതെങ്കിലും ബൗണ്ടറികൾ സ്കോർ ചെയ്യുന്നത് തുടർന്ന യശസ്വി ഇന്ത്യയെ കരുത്തുറ്റ നിലയിലെത്തിച്ചു. 39 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഗിൽ 14 റൺസാണ് നേടിയിരിക്കുന്നത്.