Cricket Sports

കാലിടറി ഇന്ത്യ; ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ ജയം

ലോകകപ്പിൽ തോല്‍വി അറിയാതെയുള്ള ഇന്ത്യന്‍ കുതിപ്പിന് ആദ്യ തിരിച്ചടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ 5 വിക്കറ്റിന് 306 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 31 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ഓപ്പണർ രോഹിത് ശർമ സെഞ്ച്വറി നേടിയെങ്കിലും വേഗത്തിൽ റൺ ഒഴുക്കാൻ കഴിയാതിരുന്നത് തോൽവിക്ക് കാരണമാവുകയായിരുന്നു.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. പൂജ്യനായി ഓപ്പണർ ലോകേഷ് രാഹുൽ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 8. തുടർന്ന് നായകൻ കോഹ്‍ലിയുമായി (66) ചേർന്ന് രോഹിത് സ്കോർ ചലിപ്പിച്ചു. എന്നാൽ കൃത്യമായ ഇടവേളകളിൽ ഇന്ത്യക്ക് വിക്കറ്റ് വീണു കൊണ്ടിരുന്നത് തിരിച്ചടിയായി. റിഷഭ് പന്ത് (32), ഹർദ്ദിക് പാണ്ഡ്യ (45) എന്നിവർ‌ പാതി വഴിക്ക് വെച്ച് വീണു. ധോണിയും (42) കേദാർ ജാദവും (12) പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി പ്ലങ്കറ്റ് മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റ് എടുത്തു. നേരത്തെ, ഓപ്പണർ ജോണി ബെയർസ്റ്റോയുടെ (109 പന്തിൽ 111) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ നേടിയത്. ജെയ്സൻ റോയ് (57 പന്തിൽ 66), ബെൻ സ്റ്റോക്സ് (79), ജോ റൂട്ട് (44) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി.

ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമി 5 വിക്കറ്റ് എടുത്തു. ഷമിയുടെ ആദ്യ 5 വിക്കറ്റ് നേട്ടമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റാണ് ഷമി നേടിയത്. കുൽദീപ് യാദവും ബൂറയും ഓരോ വിക്കറ്റ് വീതമെടുത്തു.