Cricket Sports

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി; ഇന്ത്യയുടെ നാണക്കേട് 22 വർഷങ്ങൾക്കു ശേഷം

ടി-20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണ്. എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാലല്ലാതെ ഇനി ഇന്ത്യക്ക് സെമിഫൈനൽ കളിക്കാനാവില്ല. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുക എന്ന നാണക്കേട് 22 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യക്ക് സംഭവിക്കുന്നത്. (india defeat world cup)

1999 ലോകകപ്പിലാണ് ഇതിനു മുൻപ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടത്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയുമാണ് അന്ന് നമ്മളെ തോല്പിച്ചത്. 2007 ഏകദിന ലോകകപ്പ്, 2009 ടി-20 ലോകകപ്പ്, 2010 ടി-20 ലോകകപ്പ് എന്നീ ടൂർണമെൻ്റുകളിലൊക്കെ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ മടങ്ങിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയെപ്പെട്ടിരുന്നില്ല.

ഇന്നലെ 8 വിക്കറ്റിനാണ് ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ട് വെച്ച 111 റൺസ് വിജയലക്ഷ്യം ന്യൂസീലൻഡ് 33 പന്ത് ശേഷിക്കെ മറികടന്നു.

മറുപടി ബാറ്റിംഗിൽ മാർട്ടിൻ ഗുപ്റ്റിലിനെ(20) നാലാം ഓവറിൽ ബുമ്ര, ശർദ്ദുൽ താക്കൂറിൻറെ കൈകളിലെത്തിച്ചിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഡാരിൽ മിച്ചൽ-കെയ്‌ൻ വില്യംസൺ സഖ്യം ന്യൂസിലൻഡിനെ 96ലെത്തിച്ചു. പിന്നാലെ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്ന് വില്യംസണും(33), കോൺവേയും(2) ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 110 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തിൽ 26 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറർ. ന്യൂസിലൻഡിനായി ബോൾട്ട് മൂന്നും സോധി രണ്ടും മിൽനെയും സൗത്തിയും ഓരോ വിക്കറ്റും നേടി.

സൂര്യകുമാറിന് പകരക്കാരനായെത്തിയ ഇഷാൻ കിഷനെ കെഎൽ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്‌സ് തുടങ്ങിയത്. എന്നാൽ ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ കിഷൻ(4) മിച്ചലിൻറെ കൈകളിലെത്തി. ആറാം ഓവറിൽ രാഹുൽ (18) പുറത്തായി. രോഹിത് ശർമ്മയേയും(14) നായകൻ വിരാട് കോലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചു. ഇതോടെ 10.1 ഓവറിൽ 48-4 എന്ന നിലയിൽ പ്രതിസന്ധിയിലായി ഇന്ത്യ. കൂറ്റനടികൾ പ്രതീക്ഷിച്ച റിഷഭ് പന്തും(12), ഹർദ്ദിക് പാണ്ഡ്യയും (23) നിരാശ സമ്മാനിച്ചു.