Cricket Sports

ബിസിസിഐയ്ക്ക് താത്പര്യം ഇന്ത്യൻ പരിശീലകനെ; ദ്രാവിഡ് ഇടക്കാല പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

രവി ശാത്രി സ്ഥാനമൊഴിയുമ്പോൾ പകരം ബിസിസിഐക്ക് താത്പര്യം ഇന്ത്യൻ പരിശീലകനെയെന്ന് റിപ്പോർട്ട്. ഇന്ത്യൻ പരിശീലകനാണെങ്കിൽ ആഭ്യന്തര താരങ്ങളുമായുള്ള ആശയവിനിമയം അടക്കമുള്ള കാര്യങ്ങൾ സുഗമമായി നടക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്. ഒരു മുഴുവൻ സമയ ജോലിയാണ് ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനം. ഐപിഎൽ പോലെ മാസങ്ങൾ മാത്രം നീളുന്ന ഒന്നല്ല. അതും ഇന്ത്യൻ പരിശീലകനെ പരിഗണിക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നുണ്ട്. (india bcci rahul dravid)

പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെ, സൺറൈസേഴ്സ് പരിശീലക സംഘത്തിലുള്ള വിവിഎസ് ലക്ഷ്മൺ, ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നീ മുൻ താരങ്ങളൊക്കെ ബിസിസിഐയുടെ പരിഗണനയിലുണ്ട്. ഇന്ത്യൻ പരിശീലകനാവാൻ താത്പര്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ടീമിൻ്റെ ഇടക്കാല പരിശീലകനായി ദ്രാവിഡിനെ ബിസിസിഐ പരിഗണിക്കുന്നു എന്നും സൂചനകളുണ്ട്. ടി-20 ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിൽ ദ്രാവിഡ് ആയിരിക്കും ഇന്ത്യയുടെ പരിശീലകൻ.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.