Cricket Sports

വിറപ്പിച്ച് കീഴടങ്ങി ന്യൂസീലന്‍ഡ്; ഇന്ത്യയ്ക്ക് വിജയത്തുടക്കം

ന്യൂസീലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 12 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 350 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേ‌സ്‌വെല്ലിന്‍റെ മുന്നില്‍ അവസാന നിമിഷം വരെ വിറച്ച ഇന്ത്യ നാല് പന്ത് ബാക്കിനില്‍ക്കേ 12 റണ്‍സിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യയെ അവസാന നിമിഷം മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.

ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റില്‍ നിന്ന് റണ്ണൊഴുകിയ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആദ്യം തന്നെ തോല്‍വിയുറപ്പിച്ചതുപോലെയാണ് ഇന്നിങ്സ് ആരംഭിച്ചത്. 110 റണ്‍സെടുക്കുമ്പോഴേക്കും കിവീസിന്‍റെ അഞ്ച് മുന്‍നിര ബാറ്റര്‍മാരും പുറത്തായി. ഒടുവില്‍ 131ന് ആറെന്ന നിലയില്‍ വന്‍ തോല്‍വി മുന്നില്‍ക്കണ്ടിടത്തുനിന്നാണ് ഏഴാം വിക്കറ്റില്‍ മൈക്കല്‍ ബ്രേസ്‍വെല്ലും മിച്ചല്‍ സാന്‍ട്നറും ചേര്‍ന്ന് പോരാട്ടം തുടങ്ങുന്നത്. ഓപ്പണര്‍ ഫിന്‍ അലന്‍ 40 റണ്‍സെടുത്തതൊഴിച്ചാല്‍ ബാക്കിയെല്ലാവരും പരാജയപ്പെട്ടിടത്താണ് മൈക്കല്‍ ബ്രേസ്‍വെല്ലും മിച്ചല്‍ സാന്‍ട്നറും ചേര്‍ന്ന് അടി തുടങ്ങുന്നത്. ഇരുവരും ചേർന്ന് ചേര്‍ന്ന് ഇന്ത്യന്‍ ബൌളര്‍മാരെ വിറപ്പിച്ചു.

11 ബൗണ്ടറിയും ഏഴ് സിക്സറുമുള്‍പ്പെടെ 57 പന്തില്‍ അതിവേഗ സെഞ്ച്വറി കുറിച്ച ബ്രേസ്‍വെല്‍ ഇന്ത്യയെ ഞെട്ടിച്ചു. ഒപ്പം എട്ടാമനായി ഇറങ്ങിയ മിച്ചല്‍ സാന്‍ട്നറും കൂടി റണ്‍സ് സ്കോര്‍ ചെയ്തതോടെ ഇന്ത്യ പരാജയം മണത്തു. പക്ഷേ അവസാന സ്പെല്ലിനെത്തിയ സിറാജ് ഈ കൂട്ടുകെട്ട് തകർത്തു. 45 പന്തില്‍ 57 റണ്‍സെടുത്ത മിച്ചല്‍ സാന്‍ട്നറെ സിറാജ് സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ചു. ഏഴാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. 162 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

അവസാന ഓവറില്‍ 20 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിന്‍ഡിനായി ശര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ ബ്രേസ്‍വെല്‍ സിക്സര്‍ പറത്തി. ലക്ഷ്യം 14 ആയി കുറയുന്നു. അടുത്ത പന്ത് വൈഡ്. ലക്ഷ്യം അഞ്ച് പന്തില്‍ 13 ആയി ചുരുങ്ങുന്നു. പക്ഷേ താക്കൂറിന്‍റെ അടുത്ത പന്തില്‍ ബ്രേസ്‍വെല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. സ്റ്റമ്പ്സിന് നേരെയെത്തിയ പന്തില്‍ കാല്‍ തട്ടിയ ബ്രേസ്‍വെല്‍ എല്‍.ബി.ഡബ്ല്യു ആകുകയായിരുന്നു. ഇതോടെ നാല് പന്ത് ബാക്കിനില്‍ക്കേ കിവീസിന്‍റെ പോരാട്ടം അവസാനിച്ചു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയുമായി നിര്‍ത്തിയിടത്ത് നിന്നാണ് ശുഭ്‌മാന്‍ ഗില്‍ ഹൈദരാബാദില്‍ തുടങ്ങിയത്. 149 പന്തില്‍ ഒന്‍പത് സിക്സറും 19 ബൌണ്ടറികളുമുള്‍പ്പെടുന്നതായിരുന്നു ഗില്ലിന്‍റെ ഇരട്ട സെഞ്ച്വറി ഇന്നിങ്സ്. ഗില്ലിന്‍റെ സൂപ്പര്‍ഫാസ്റ്റ് ഇന്നിങ്സിന്‍റെ ബലത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 349 റണ്‍സെടുത്തു. നായകന്‍ രോഹിത് ശര്‍മ്മ(38 പന്തില്‍ 34), വിരാട് കോലി(10 പന്തില്‍ 8), ഇഷാന്‍ കിഷന്‍(14 പന്തില്‍ 5), സൂര്യകുമാര്‍ യാദവ്(26 പന്തില്‍ 31), ഹാര്‍ദിക് പാണ്ഡ്യ(38 പന്തില്‍ 28), വാഷിംഗ്‌ടണ്‍ സുന്ദര്‍(14 പന്തില്‍ 12), ഷര്‍ദ്ദുല്‍ താക്കൂര്‍(3 പന്തില്‍ 3), കുല്‍ദീപ് യാദവ്(6 പന്തില്‍ 5), മുഹമ്മദ് ഷമി(2 പന്തില്‍ 2) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍.