ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ കോഹ്‌ലിയും സംഘവും ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം.
130 കോടി ജനതയുടെ പ്രതീക്ഷയാണ് ടീം ഇന്ത്യ. പക്ഷെ, ആദ്യ സന്നാഹ മത്സരം കളിക്കാര്‍ക്കും ആരാധകര്‍ക്കും അത്ര നല്ല സന്ദേശമല്ല നല്‍കുന്നത്. കോഹ്‌ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ബാറ്റിങ് നിര നേടിയത് 179 റണ്‍സ്. രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ താളം കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഏതൊക്കെ പൊസിഷനില്‍ ആരൊക്കെ കളിക്കണം എന്നുള്ളതിനെക്കുറിച്ച് ഒരു ധാരണയില്ലാത്ത രീതിയിലായിരുന്നു ടീം ഇന്ത്യയുടെ പ്രകടനം. ഏറ്റവും വലിയ തലവേദന നാലാം നമ്പറില്‍ ആരിറങ്ങും എന്ന ചോദ്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ആ സ്ഥാനത്തിറങ്ങിയ കെ.എല്‍ രാഹുലിന് ഫോം കണ്ടെത്താനായതുമില്ല. പരിക്കില്‍ നിന്നും മുക്തമായി കേദാര്‍ ജാദവ് തിരിച്ചുവന്നാല്‍ മാത്രമേ ഇന്ത്യക്ക് നാലാം നമ്പറില്‍ പ്രതീക്ഷയുള്ളൂ. വിജയ് ശങ്കറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.