Cricket

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലി ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഇരു ടീമിനും പരമ്പര നിർണായകമാണ്. വിവിധ ടി-20 ലീഗുകളിൽ കളിച്ച സൂപ്പർ താരം ടിം ഡേവിഡ് ഓസ്ട്രേലിയക്കായി അരങ്ങേറിയേക്കും.

ഏകദിന ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിനു ശേഷം ആരോൻ ഫിഞ്ചിൻ്റെ ആദ്യ മത്സരമാണ് ഇത്. ടി-20യിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇത്തവണയും ശക്തമായ ടീമിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിൻ്റെ ഡ്രസ് റിഹേഴ്സലാണ് ഈ പരമ്പര. ഫിഞ്ചിൻ്റെ പിന്തുണയുള്ള മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്തിൻ്റെ പ്രകടനം ഏറെ പ്രാധാന്യത്തോടെ വിലയിരുത്തപ്പെടും. ടി-20 ശൈലിക്ക് പറ്റിയ ബാറ്റിംഗ് അല്ലെന്ന നിരീക്ഷണങ്ങൾ തിരുത്തുകയാണ് സ്‌മിത്തിൻ്റെ ലക്ഷ്യം. ടിം ഡേവിഡിൻ്റെ ഓസ്ട്രേലിയൻ അരങ്ങേറ്റമാണ് ഏറെ ശ്രദ്ധേയം. ലോകമെമ്പാടുമുള്ള ടി-20 ലീഗുകളിൽ കളിച്ച്, ഒരു സൂപ്പർ താര പരിവേഷം നേടിക്കഴിഞ്ഞ ടിം എതിരാളികൾക്ക് വെല്ലുവിളിയാകുമെന്നുറപ്പ്. ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ് ശ്രദ്ധേയമായ മറ്റൊരു പേര്. ബിഗ് ബാഷ് ലീഗിലും രാജ്യാന്തര ടീമിലും ഇതിനകം മികച്ച പ്രകടനങ്ങൾ നടത്തിയ യുവതാരം അസാമാന്യ പ്രകടനങ്ങൾ നടത്തുമെന്നാണ് വിലയിരുത്തൽ. പരുക്കേറ്റ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ പുറത്തിരിക്കുമ്പോൾ ഓപ്പണർ ഡേവിഡ് വാർണറിന് വിശ്രമം അനുവദിച്ചു.

മറുവശത്ത് ഇന്ത്യൻ ടീമിൽ സർപ്രൈസുകളില്ല. ഋഷഭ് പന്തോ ദിനേശ് കാർത്തികോ എന്നതും അശ്വിനോ അക്സറോ എന്നതുമാവും ചോദ്യം. ടി-20 ലോകകപ്പ് ടീമിൽ സ്റ്റാൻഡ്ബൈ താരമായി ഉൾപ്പെട്ട ദീപക് ചഹാർ ഓസ്ട്രേലിയക്കെതിരെ കളിക്കും. ലോകകപ്പിലെ മറ്റൊരു സ്റ്റാൻഡ്ബൈ താരമായ മുഹമ്മദ് ഷമിയ്ക്ക് കൊവിഡ് ബാധിച്ചതിനാൽ ഉമേഷ് യാദവും ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ടീമിലിടം നേടി.