Cricket Sports

അവസാന മത്സരം ഓസീസിന്; ടി20 പരമ്പര നേടി ഇന്ത്യ

മൂന്നാം ടി20യില്‍ ആസ്ട്രേലിയക്ക് ജയം. പരമ്പര തൂത്തുവാരാനുള്ള ഇന്ത്യന്‍ മോഹത്തിന് മങ്ങലേല്‍പ്പിച്ചാണ് മൂന്നാം മത്സരം ആസ്ട്രേലിയ വിജയിച്ചത്. 187 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നായകന്‍ വിരാട് കോഹ്‍ലിയുടെ(85) ഒറ്റയാള്‍ പോരാട്ടത്തിനായിരുന്നു സിഡ്നി സാക്ഷ്യം വഹിച്ചത്. പക്ഷെ, അത് ഫലം കണ്ടില്ല.

കൃത്യമായ ഇടവേളകളില്‍ ഓസീസ് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ കെ.എല്‍ രാഹുല്‍ പുറത്തായി. പിന്നീട് കോഹ്‍ലിയുടെയും ധവാന്‍റെയും രക്ഷാപ്രവര്‍ത്തനം. ധവാന്‍ വീണതിന് പിന്നാലെ സഞ്ജു സാംസണും ശ്രേയസ് അയ്യരും കൂടാരം കയറി. പക്ഷെ കോഹ്‍ലി അപ്പോഴും പൊരുതി. പത്തൊമ്പതാം ഓവറില്‍ കോഹ്‍ലിയും പോയതോടെ പ്രതീക്ഷകള്‍ മങ്ങി. അവസാന മത്സരം തോറ്റെങ്കിലും 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. എം.ജെ സ്വെപ്സണാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. സ്വെപ്സണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സാംപ, ടൈ, മാക്സ്വെല്‍, അബോട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 186 റണ്‍സെടുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്താടിയ ഗ്ലെന്‍ മാക്സ്‍വെല്ലും(54) തുടക്കം മുതല്‍ ഇന്നിങ്സിന്‍റെ നെടും തൂണായി നിലയുറപ്പിച്ച് റണ്‍സ് അടിച്ചുകൂട്ടിയ മാത്യു വെയ്ഡുമാണ്(80) ആസ്ട്രേലിയക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇരുവരും അര്‍ദ്ദ സെഞ്ച്വറി കുറിച്ചു.

വാഷിങ്ടണ്‍ സുന്തര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശാര്‍ദുല്‍ ഠാക്കൂര്‍, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.