Cricket Sports

അടിയ്ക്ക് തിരിച്ചടി, അഫ്ഗാനെ തോൽപ്പിച്ച് ഇന്ത്യ; വിജയം 6 വിക്കറ്റിന്

അഫ്‌ഗാനെതിരായ ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ വിജയത്തുടക്കം. 38 പന്തില്‍ 50 തികച്ച് അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ദുബെ 40 പന്തില്‍ 60 റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3). നായകൻ രോഹിത് ശര്‍മ്മ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ റണ്ണൗട്ടിൽ കുരുങ്ങി ഡക്കായാണ് കൂടാരം കയറിയത്. ഗില്‍ അഞ്ച് ബൗണ്ടറികളടിച്ചെങ്കിലും നാലാം ഓവറില്‍ മുജീബ് ഉര്‍ റഹ്‌മാന്‍റെ ബോളില്‍ 12 പന്തില്‍ 23 റണ്‍സുമായി പുറത്തായി. വണ്‍ഡൗണിലിറങ്ങിയ തിലക് വര്‍മ്മ 26 റണ്‍സുമായി മടങ്ങി. 20 പന്തില്‍ 31 എടുത്ത ജിതേഷിനെ പുറത്താക്കി മുജീബ് വിക്കറ്റ് നേട്ടം രണ്ടാക്കി. ഇന്ത്യക്കായി അക്സര്‍ പട്ടേലും മുകേഷ് കുമാറും രണ്ട് വീതവും ശിവം ദുബെ ഒരു വിക്കറ്റും നേടി.

ആറ് വിക്കറ്റ് ബാക്കിയിരിക്കേ ലാസ്റ്റ് 5 ഓവറില്‍ 28 റണ്‍സ് മാത്രം മതിയായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. ശിവം ദുബെയും റിങ്കു സിംഗും മത്സരം ഈസിയായി ഫിനിഷ് ചെയ്തു. തുടര്‍ച്ചയായ പന്തുകളില്‍ സിക്സും ഫോറുമായാണ് ദുബെ കിടിലൻ ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്. റിങ്കു 9 പന്തില്‍ 16 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 158ൽ എത്തിയത്. 27 പന്തില്‍ 42 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് പൊരുതി നിന്ന് അഫ്​ഗാന്റെ ടോപ് സ്കോററായത്.

അഫ്‌ഗാനിസ്ഥാന്‍ സ്കോര്‍ ബോര്‍ഡ് ആദ്യം മുതലേ ഇഴഞ്ഞു നീങ്ങുകയായിരുന്നു. അക്‌സര്‍ പട്ടേലിന്‍റെ എട്ടാം ഓവറിലെ അവസാന പന്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ 23 റണ്‍സിൽ വീഴ്ത്തി. ശിവം ദുബെ തന്റെ ആദ്യ ഓവറിൽ അഫ്‌ഗാന്‍ ക്യാപ്റ്റന്‍ സദ്രാനെ (22 പന്തില്‍ 25) കൂടാരം കയറ്റി. തൊട്ടടുത്ത ഓവറില്‍ റഹ്‌മത്ത് ഷായെ (6 പന്തില്‍ 3) അക്‌സര്‍ ബൗള്‍ഡാക്കിയതോടെ അഫ്‌ഗാന്‍ 9.6 ഓവറില്‍ 57-3 എന്ന അവശ നിലയിലായി.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ അസ്മത്തുള്ള ഒമര്‍സായും മുഹമ്മദ് നബിയും 15-ാം ഓവറിലെ മൂന്നാം പന്തില്‍ 100 കടത്തി. 68 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 18-ാം ഓവറില്‍ പിരിഞ്ഞു. 22 പന്തില്‍ 29 റണ്‍സുമായി ഒമര്‍സായ് ഔട്ടായി. 18-ാം ഓവറിൽ തന്നെ നബിയെയും (27 പന്തില്‍ 42) മടക്കി. അര്‍ഷ്‌ദീപ് സിംഗിന്‍റെ അവസാന ഓവറില്‍ 18 റണ്‍സാണ് പിറന്നത്. നജീബുള്ള സദ്രാനും (11 പന്തില്‍ 19), കരീം ജനാതും (5 പന്തില്‍ 9) ചേർന്ന് അവസാനം ആഞ്ഞടിക്കുകയായിരുന്നു. മൂന്ന് ടി20കളുടെ പരമ്പരയിലെ അടുത്ത മത്സരം ജനുവരി 14ന് ഇന്‍ഡോറില്‍ നടക്കും.