കോവിഡ് ബാധിച്ച ക്ഷീണവും രണ്ടു മത്സരങ്ങളുടെ നഷ്ടവും കാണിക്കാതെ ക്യാപ്റ്റൻ യാഷ് ദുല്ലും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും പടനയിച്ചപ്പോൾ ഇന്ത്യ നടന്നു കയറിയത് തുടർച്ചയായ നാലാം അണ്ടർ 19 ലോകകപ്പ് ഫൈനലിലേക്ക്. 1998 ന് ശേഷം ആദ്യമായി ഫൈനലിലെത്തിയ ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ചയാണ് നിർണായക പോരാട്ടം. നാലുവട്ടം കിരീടം നേടിയ ഇന്ത്യ കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഫൈനലിലെത്തിയിരുന്നു. 2016ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെൻറിൽ വെസ്റ്റിൻഡീസ് അഞ്ചുവിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ, 2018ൽ ന്യൂസിലാൻഡിൽ വെച്ച് ആസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് വീഴ്ത്തി രാജ്യം ജേതാക്കളായി. എന്നാൽ 2020ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ മൂന്നുവിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ചാമ്പ്യന്മാരായി.
വെസ്റ്റിൻഡീസിൽ നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പിൽ ആസ്‌ട്രേലിയക്കെതിരെയുള്ള സെമിഫൈനലിൽ ക്യാപ്റ്റന്റെ സെഞ്ച്വറിയുടെയും വൈസ് ക്യാപ്റ്റന്റെ അർധസെഞ്ച്വറി(94) യുടെയും കരുത്തിൽ ഇന്ത്യ നേടിയ 290 റൺസ് ടോട്ടലിനെ മറികടക്കാൻ കംഗാരുപ്പടക്കായിരുന്നില്ല. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഓപ്പണർ വില്ലി മടങ്ങി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ 41.5 ഓവറിൽ 194 റൺസിന് ആസ്‌ട്രേലിയയുടെ എല്ലാവരും പുറത്താകുകയായിരുന്നു. അണ്ടർ 19 ടൂർണമെൻറിൽ സെഞ്ച്വറി നേടുന്ന മൂന്നാം ഇന്ത്യൻ ക്യാപ്റ്റനാണ് യാഷ് ദുൽ. 2008ൽ വിരാട് കോഹ്‌ലിയും 2012 ഉന്മുക്ത് ചന്ദും ക്യാപ്റ്റനായി അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടിയിരുന്നു. മൂവരും ന്യൂഡൽഹി സ്വദേശികളാണ്.
അഫ്ഗാനിസ്താനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജയം 15 റൺസിനായിരുന്നു. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇംഗ്ലണ്ട്: 231-6, അഫ്ഗാനിസ്താൻ 215-9 ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പൺ ജോർജ് തോമസ് 50 റൺസ് നേടി. 56 റൺസെടുത്ത ജോർജ് ബെൽ ആണ് ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. അഫ്ഗാനിസ്താൻ ബൗളർമാർ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു.