ന്യൂസീലൻഡ് എയ്ക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ 49.3 ഓവറിൽ 284 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ (54) ടോപ്പ് സ്കോറർ ആയപ്പോൾ ശാർദുൽ താക്കൂർ (51), തിലക് വർമ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
പൃഥ്വി ഷായ്ക്കും ഋതുരാജ് ഗെയ്ക്വാദിനും പകരം അഭിമന്യു ഈശ്വരനും രാഹുൽ ത്രിപാഠിയും ചേർന്നാണ് ഇന്ത്യ എയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 55 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 35 പന്തുകളിൽ 39 റൺസെടുത്ത അഭിമന്യു ആണ് ആദ്യം പുറത്തായത്. വൈകാതെ രാഹുൽ ത്രിപാഠിയും (18) മടങ്ങി. മൂന്നാം നമ്പറിൽ സഞ്ജുവും നാലാം നമ്പറിൽ തിലക് വർമയും ക്രീസിൽ ഉറച്ചുനിന്നതോടെ ഇന്ത്യ വീണ്ടും ട്രാക്കിലെത്തി. ഇരുവരും ഫിഫ്റ്റിയടിച്ചു. സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്സറും നേടിയപ്പോൾ തിലക് ഒരു ബൗണ്ടറിയും മൂന്ന് സിക്സറും നേടി. 99 റൺസ് നീണ്ട കൂട്ടുകെട്ട് തിലക് വർമ പുറത്തായതോടെ വേർപിരിഞ്ഞു. കെഎസ് ഭരത് വേഗം മടങ്ങിയപ്പോൾ ഫിഫ്റ്റിക്ക് പിന്നാലെ സഞ്ജുവും പുറത്തായി. രാജ് ബവ (4) നിരാശപ്പെടുത്തി.
ഏഴാം വിക്കറ്റിൽ ശാർദുൽ താക്കൂറും ഋഷി ധവാനും ചേർന്ന് വീണ്ടും ഇന്ത്യയെ കൈപിടിച്ചുയർത്തി. ശാർദുൽ തകർപ്പൻ ഫോമിലായിരുന്നു. ടി-20 ശൈലിയിൽ അടിച്ചുതകർത്ത താക്കൂറുമൊത്ത് ഋഷി ധവാൻ 39 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ, നിർഭാഗ്യകരമായ റണ്ണൗട്ടിൽ ഋഷി ധവാൻ (34) പുറത്തായതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് ശാർദുൽ ആക്രമണം അഴിച്ചുവിട്ടു. എട്ടാം വിക്കറ്റിൽ കുൽദീപ് യാദവും ശാർദുലും ചേർന്ന് 35 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ അതിൽ കുൽദീപിൻ്റെ സമ്പാദ്യം വെറും 2 റൺസായിരുന്നു. 31 പന്തുകളിൽ 4 ബൗണ്ടറിയും 3 സിക്സറും സഹിതം ശാർദുൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ശാർദുലും റണ്ണൗട്ടായി. രാഹുൽ ചഹാർ (1), കുൽദീപ് സെൻ (0) എന്നിവർ വേഗം മടങ്ങി.