Cricket Sports

കോലിക്കും ധോണിക്കും പിന്നാലെ രോഹിത് എത്തുമോ? എലൈറ്റ് പട്ടികയില്‍ ഇടം പിടിക്കാന്‍ ചാഹലും

ധര്‍മശാല: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) ജസ്പ്രിത് ബുമ്രയെ (Jasprit Bumrah) മറികടന്നിരുന്നു. ടി20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരിക്കുകയാണ് ചാഹല്‍. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റാണ് ചാഹല്‍ സ്വന്തമാക്കിയത്. നാല് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ചാഹലിന്റെ പേരിലാവും. ടി20 ക്രിക്കറ്റില്‍ 250 വിക്കറ്റ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ പിയൂഷ് ചൗളയാണ്. 270 വിക്കറ്റാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. ആര്‍ അശ്വിനാണ് രണ്ടാമത്. 264 വിക്കറ്റുകല്‍ താരം വീഴ്ത്തി. 262 വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര മൂന്നാം സ്ഥാനത്താണ്. അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമെ ആഭ്യന്തര സീസണിലെ വിക്കറ്റ് നേട്ടങ്ങളും ഉള്‍പ്പെടെയാണിത്. 224 മത്സരങ്ങളില്‍ 246 വിക്കറ്റാണ് ചാഹലിനുള്ളത്.

ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ വീഴ്ത്തുന്ന ബൗളറാവാനുള്ള അവസരവും ചാഹലിനുണ്ട്. ഓസ്‌ട്രേലിയയുടെ ആഡം സാംപയാണ് ഇക്കാര്യത്തില്‍ 21 വിക്കറ്റുകള്‍ അദ്ദേഹം ലങ്കയ്‌ക്കെതിരെ വീഴ്ത്തി. ചാഹലിന് സാംപയെ മറികടക്കാന്‍ ആറ് വിക്കറ്റുകള്‍ കൂടി വേണം. രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ചാഹലിന് ചാഹലിന് പ്രതീക്ഷയുണ്ട്.

അതേസമയം രോഹിത് ശര്‍മയ്ക്ക് 19 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാം. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമെത്ത ഇന്ത്യന്‍ ക്യാപ്റ്റനാവും രോഹിത്. എം എസ് ധോണി, വിരാട് കോലി എന്നിരവരാണ് നേട്ടം സ്വന്തമാക്കിയ മറ്റു ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍.