Cricket Sports

കാൺപൂർ ടെസ്റ്റിൽ ന്യൂസീലൻഡിന് വീരോചിത സമനില

കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലൻഡിന് വീരോചിത സമനില. 284 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്ര അശ്വിൻ മൂന്നും അക്‌സർ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റുകൾ വീതവും നേടി.

അവിശ്വസനീയം എന്നല്ലാതെ ന്യൂസീലാൻഡ് ഇന്നിംഗ്‌സിനെ വിശേഷിപ്പിക്കാൻ കഴിയില്ല. അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് കിവികൾ സമനില പിടിച്ചത്. ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ അഞ്ചാം ദിനത്തിൽ അവസാനം ജയിക്കാൻ വെറും ഒരു വിക്കറ്റ് മാത്രം വേണ്ടിടത്ത് കളി വെളിച്ചക്കുറവിനെത്തുടർന്ന് തടസപ്പെടുകയായിരുന്നു. ഒടുവിൽ സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു.

ഒരു വിക്കറ്റിന് നാല് റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് അഞ്ചാം ദിനം ബാറ്റിംഗാരംഭിച്ചത്. രണ്ട് റൺസുമായി ടോം ലാഥവും റൺസൊന്നും എടുക്കാതെ സോമർവില്ലുമായിരുന്നു ക്രീസിൽ. 13 പന്തില്‍ രണ്ട് റണ്‍സെടുത്ത വില്‍ യങ്ങിനെ രവിചന്ദ്ര അശ്വിന്‍ എല്‍ബിയില്‍ നാലാം ദിനം പിരിയുമ്പോള്‍ കുടുക്കിയിരുന്നു. ഒൻപത് വിക്കറ്റ് ശേഷിക്കേ ജയിക്കാൻ 280 റൺസ് തേടി അവസാന ദിവസം ഇറങ്ങിയ കിവികളെ ആദ്യ സെഷനില്‍ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല.

ടിം സൗത്തിയെ പുറത്താക്കുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ രചിന്‍ രവീന്ദ്ര 91 പന്തുകള്‍ നേരിട്ട് 18 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 23 പന്തുകള്‍ പ്രതിരോധിച്ച അജാസ് പട്ടേല്‍ മികച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചു. ഒടുവിൽ തട്ടിയും മുട്ടിയും ന്യൂസീലൻഡിന് സമനില നേടി തടിതപ്പി.