Cricket Sports

‘ധവാനും രാഹുലും രോഹിത്തും ഒരുമിച്ച് കളിക്കും’ വിരാട് കോലി

ഓപണിംങ് സ്ഥാനത്തേക്കുള്ള മത്സരമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തം. രോഹിത് ശര്‍മ്മക്ക് ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചപ്പോള്‍ പരിക്കുമാറിയെത്തിയ ധവാനും കെ.എല്‍ രാഹുലും മികച്ചഫോമിലാണെന്ന് തെളിയിക്കുയും ചെയ്തു. ഇതോടെയാണ് ആരാകും ഓപണര്‍മാരെന്ന ചോദ്യം ഉയര്‍ന്നത്.

ആര് പുറത്തുപോകുമെന്ന ചോദ്യത്തിനാണ് നിലവിലെ ഫോമില്‍ രോഹിത്ത് ശര്‍മ്മയും കെ.എല്‍.രാഹുലും ശിഖര്‍ധവാനും ഒന്നിച്ച് കളിക്കാന്‍ സാധ്യതയുണ്ടെന്ന് ക്യാപ്റ്റന്‍ കോലി മറുപടി നല്‍കിയത്. ആസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ആസ്‌ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് മുതലാണ് ആരംഭിക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് ആദ്യ മത്സരം. ടെസ്റ്റിലെ പുതിയ ഓസീസ് താരോദയം മാര്‍നസ് ലബുഷേയിനിന്റെ ഏകദിന അരങ്ങേറ്റവും ഇന്ന് നടക്കും.

നിലവിലെ ഫോമും നാട്ടിലാണെന്ന ആനുകൂല്യവും ഇന്ത്യക്ക് തല്‍കാലം മറക്കണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ 3-2 നാണ് നാട്ടിലെ പുലികള്‍ ഓസീസിനോട് അടിയറവ് പറഞ്ഞത്. ഈ കണക്ക് തീര്‍ക്കാനാവും കോലിപ്പട ഇറങ്ങുന്നതെന്ന് ഉറപ്പ്. രോഹിതിനൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണിങ് റോളില്‍ തിരികെ എത്തും. കെ.എല്‍ രാഹുല്‍ മൂന്നാമനും വിരാട് കോഹ്‌ലി നാലാമനായും ഇറങ്ങും.

ബാറ്റിംങ് പൊസിഷനില്‍ താഴേക്കിറങ്ങേണ്ടി വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും കോലി പ്രതികരിച്ചു. ടീമിന്റെ ഓരോ പൊസിഷനിലും കൂടുതല്‍ കളിക്കാര്‍ എത്തുന്നത് ഗുണം ചെയ്യുമെന്നാണ് കോലിയുടെ നിരീക്ഷണം. നെറ്റ്‌സില്‍ പോലും എതിരിടാന്‍ ബുദ്ധിമുട്ടുള്ള ബൗളറായാണ് ബുംറയെ കോലി വിശേഷിപ്പിച്ചത്. ബുംറക്കൊപ്പം ബൗളിങ് വിഭാഗത്തെ നയിക്കാന്‍ ഷമിയും ഉണ്ട്.

മറുവശത്ത് നാട്ടില്‍ പാകിസ്താനും ന്യുസിലാന്‍ഡിനും എതിരെ നേടിയ ഏകപക്ഷീയമായി നേടിയ ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസവുമായാണ് ആസ്‌ത്രേലിയ എത്തുന്നത്. ടെസ്റ്റിലെ പുതിയ സൂപ്പര്‍ താരം മാര്‍നസ് ലാബുഷെയിന്‍ തന്റെ ഏകദിന കരിയര്‍ ഇന്ത്യക്കെതിരെ തുടക്കമിടും. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് തുടങ്ങിയ വമ്പന്‍ താരനിരയും ഓസീസ് ടീമില്‍ ഉണ്ട്. കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ആദം സാംബയെന്ന റിസ്റ്റ് സ്പിന്നറും ഇക്കുറിയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തും.

ആദ്യ മത്സരം ജയിച്ച് പരമ്പരയില്‍ മേധാവിത്വം നേടാന്‍ ഇരു ടീമുകളും ശ്രമിക്കുമ്പോള്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കാം.