Cricket Sports

മൂന്നാം ടെസ്റ്റ് ഓസീസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍; 197 റണ്‍സ് ലീഡ്

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ സമ്പൂര്‍ണ ആധിപത്യം. മൂന്നാം ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 103 എന്ന നിലയിലാണ് ഓസീസ്. നിലവില്‍ 197 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 338 റണ്‍സ് നേടിയ ഓസീസ് ഇന്ത്യയെ 244 റണ്‍സിന് എറിഞ്ഞിട്ടിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഓപണര്‍മാരായ വില്‍ പുകോവ്‌സ്‌കിയും (10) ഡേവിഡ് വാര്‍ണറും (13) എളുപ്പത്തില്‍ പുറത്തായെങ്കിലും സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷഗ്നെയും ഓസീസിനെ കൂടുതല്‍ പരിക്കുകളില്ലാതെ കാത്തു. ലബുഷഗ്നെ 47ഉം സ്മിത്ത് 29 ഉം റണ്‍സാണ് നേടിയിട്ടുള്ളത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

റിഷഭ് പന്തിന് പിന്നാലെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തു പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രണ്ടു പേരും ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരായി. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കാക്കുന്നത്.

ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെയും ചേതേശ്വര്‍ പുജാരയും പതിയെയാണ് മൂന്നാം ദിനം കളി തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 22ല്‍ നില്‍ക്കെ രഹാനെയെ കമ്മിന്‍സ് ബൗള്‍ഡാക്കി. പിന്നീടെത്തിയ ഹനുമാന്‍ വിഹാരി 38 പന്തില്‍ നിന്ന് നാലു റണ്‍സ് മാത്രമാണ് നേടിയത്. ശേഷമെത്തിയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് റണ്‍നിരക്ക് ഉയര്‍ത്തിയത്. 67 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത പന്തിനെ ഹാസല്‍വുഡ് ആണ് പുറത്താക്കിയത്. അതിനിടെ, 176 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയ പൂജാര കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്നെ പിടിച്ച് പുറത്തായി.

ഇന്ത്യന്‍ വാലറ്റ നിര ചെറുത്തിനില്‍പ്പില്ലാതെയാണ് കീഴടങ്ങിയത്. അശ്വിന്‍ (10), നവ്ദീപ് സെയ്നി (3), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (6) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 28 റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ടാം ദിനം ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക മികച്ച തുടക്കമാണ് നല്‍കിയിരുന്നത്. എന്നാല്‍ തുടക്കം മുതലാക്കാന്‍ പിന്നീട് ഇന്ത്യയ്ക്കായില്ല.