Cricket Sports

“അത് ഇന്ന് സംഭവിച്ചിരുന്നെങ്കില്‍… ഗാംഗുലി കോഹ്‍ലിയുടെ കഴുത്തിന് പിടിച്ചേനെ”; വിനോദ് റായ്

കുംബ്ലെ–കോഹ്‍ലി വിവാദത്തിന്റെ സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ അധ്യക്ഷനെങ്കിൽ കോഹ്‍ലിയെ അവഗണിച്ച് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിർത്തുമായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായി. കോലിയും കുംബ്ലെയും തമ്മില്‍ ഇപ്പോഴാണ് ഇത്തരത്തിലൊരു തര്‍ക്കം ഉണ്ടായിരുന്നതെങ്കില്‍ പുതിയ ബി.സി.സി.ഐ പ്രസിഡന്റായ ഗാംഗുലി കുംബ്ലെയെ വിശ്വസിക്കുമായിരുന്നെന്നും കോഹ്‍ലിയുടെ കഴുത്തിന് പിടിക്കുമായിരുന്നുവെന്നും റായ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് അനിൽ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ, അദ്ദേഹത്തെ തൽസ്ഥാനത്തു നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിരുന്നു. അന്ന് കോഹ്‍ലിയുടെ പിടിവാശിയാണ് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് തുരങ്കം വച്ചതെന്നും റായി വെളിപ്പെടുത്തി. കുംബ്ലെ–കോഹ്‍ലി വിവാദത്തിന്റെ സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു ബി.സി.സി.ഐ അധ്യക്ഷനെങ്കിൽ കോഹ്‍ലിയെ അവഗണിച്ച് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിർത്തുമായിരുന്നുവെന്നും റായി അഭിപ്രായപ്പെട്ടു. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേറ്റതോടെ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നു.