പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ ഉൾപ്പെടുത്താതെ ലോകകപ്പ് പ്രമോ പുറത്തിറക്കിയ ഐസിസിയെ വിമർശിച്ച് പാകിസ്താൻ്റെ മുൻ താരം ഷൊഐബ് അക്തർ. ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി പുറത്തിറക്കിയ പ്രമോയിൽ നിന്നാണ് ഐസിസി ബാബർ അസമിനെ ഒഴിവാക്കിയത്.
‘പാകിസ്താൻ്റെയും ബാബർ അസമിൻ്റെയും സാന്നിധ്യമില്ലാതെ ലോകകപ്പ് പ്രമോ പൂർത്തിയാകുമെന്ന് ആര് ചിന്തിച്ചാലും അവർ പരിഹാസ്യരായിരിക്കുകയാണ്. പക്വത കാണിക്കൂ.’- അക്തർ ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാൻ രംഗത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് പാക് കായിക മന്ത്രി എഹ്‌സൻ മസാരി വ്യക്തമാക്കി.
പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങൾ ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഏഷ്യാകപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലോകകപ്പിനും നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താമെങ്കിൽ എന്തുകൊണ്ട് പാകിസ്താന്റെ ലോകകപ്പ് മത്സരങ്ങളും നിഷ്പക്ഷ വേദിയിൽ നടത്തിക്കൂടാ എന്ന് മസാരി ചോദിച്ചു. ഇക്കാര്യ ഐസിസി യോഗത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആക്റ്റിങ് ചെയർമാൻ സാക്ക അഷ്റഫ് അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഏഷ്യാകപ്പ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെ നടക്കും. പാകിസ്താനിൽ നാല് മത്സരങ്ങളും ശ്രീലങ്കയിൽ ഒൻപത് മത്സരങ്ങളുമാണ് നടക്കുന്നത്.