ഐ.സി.സി വര്‍ഷാവസാനം പുറത്തിറക്കിയ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 928 റേറ്റിങ് പോയിന്റുമായി കോലി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്ത് 911 പോയിന്റാണ് ഉള്ളത്. ന്യൂസിലന്റിനെതിരായ പരമ്പരയില്‍ ഫോമിലെത്താന്‍ സാധിക്കാതിരുന്നത് സ്മിത്തിന് തിരിച്ചടിയായി. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംങ്‌സുകളില്‍ നിന്നും 151 റണ്‍ മാത്രമാണ് സ്മിത്തിന് നേടാനായിരുന്നത്.
ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയന്‍ മധ്യനിര താരം മാര്‍നസ് ലാബുഷേയ്ന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ പിന്തള്ളി നാലാം സ്ഥാനത്തെത്തി. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ലബുഷെയ്‌നാണ്(11 ടെസ്റ്റില്‍ 1104 റണ്‍). എട്ടു ടെസ്റ്റുകളില്‍നിന്ന് 965 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് വാര്‍ഷിക റണ്‍വേട്ടക്കാരില്‍ രണ്ടാമത്. റാങ്കിംങില്‍ ഒന്നാമതെങ്കിലും കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍ നേടിയവരുടെ പട്ടികയില്‍ കോലി 13ആമതാണ്. എട്ടു ടെസ്റ്റുകളില്‍നിന്ന് 612 റണ്‍സാണ് കോലി നേടിയത്.
പരിക്കുമൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിട്ടും ജസ്പ്രീത് ബുംറ ബൗളര്‍മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനം നിലനിര്‍ത്തി. രവിചന്ദ്രന്‍ അശ്വിന്‍ ഒന്‍പതാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താം സ്ഥാനത്തും ഉണ്ട്. ഐ.പി.എല്‍ താരലേലത്തില്‍ റെക്കോഡ് തുകയായ 15.5 കോടി നേടിയ ആസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സാണ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമത്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ ഒന്നാം റാങ്കില്‍ തുടര്‍ന്നു. ഇന്ത്യന്‍താരങ്ങളാ രവീന്ദ്ര ജഡേജ(രണ്ട്), രവിചന്ദ്രന്‍ അശ്വിന്‍(അഞ്ച്) എന്നിവര്‍ ആദ്യ പത്തിലുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ടീം റാങ്കിങിലും ഇന്ത്യയാണ്(120 പോയിന്റ്) ഒന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡ് (112), ദക്ഷിണാഫ്രിക്ക (102), ഇംഗ്ലണ്ട് (102), ഓസ്‌ട്രേലിയ (102) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനക്കാര്‍.