ഐസിസി ടി-20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. 68 സ്ഥാനങ്ങൾ മറികടന്ന കിഷൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി. 689 ആണ് കിഷൻ്റെ റേറ്റിംഗ്. ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ഉൾപ്പെട്ടിരിക്കുന്ന ഒരേയൊരു ഇന്ത്യൻ താരമാണ് കിഷൻ. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ രണ്ട് അർധസെഞ്ചുറി അടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയ 164 റൺസാണ് കിഷനെ തുണച്ചത്.
818 റേറ്റിംഗുള്ള പാകിസ്താൻ നായകൻ ബാബർ അസമാണ് റാങ്കിംഗിൽ ഒന്നാമത്. 794 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ രണ്ടാമതുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് മൂന്നാമത്. റേറ്റിംഗ് 772. 14ആം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലാണ് പട്ടികയിൽ കിഷനു ശേഷം ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യൻ താരം. ശ്രേയാസ് അയ്യരും രോഹിത് ശർമ്മയും യഥാക്രമം 16, 17 സ്ഥാനങ്ങളിലുണ്ട്. ബൗളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികകളിലെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല.
അതേസമയം, ഏറെക്കാലത്തിനു ശേഷം ഏകദിന റാങ്കിംഗിലെ ആദ്യ സ്ഥാനങ്ങളിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും പുറത്തായി. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും ടീം അംഗം ഇമാമുൽ ഹഖുമാണ് നിലവിൽ ഒന്ന്, രണ്ട് റാങ്കിലുള്ളത്. യഥാക്രമം 892, 815 ആണ് ഇവരുടെ റേറ്റിംഗ്. കോലി, രോഹിത് എന്നിവർ യഥാക്രമം 811, 791 റേറ്റിംഗുമായി മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്. ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്തുണ്ട്. ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരങ്ങളിൽ ആദ്യ പത്തിൽ ഇല്ല.
ടെസ്റ്റ് റാങ്കിംഗിൽ മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 897 ആണ് റൂട്ടിൻ്റെ റേറ്റിംഗ്. 892 റേറ്റിംഗുള്ള ഓസീസ് താരം മാർനസ് ലബുഷെയ്ൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 845 റേറ്റിംഗുള്ള മറ്റൊരു ഓസീസ് താരം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തുണ്ട്. 754 റേറ്റിംഗുമായി എട്ടാമതുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ താരങ്ങളിൽ ഉയർന്ന റാങ്കിലുള്ളത്. 742 റേറ്റിംഗുമായി മുൻ ക്യാപ്റ്റൻ വിരാട് കോലി 10ആമതുണ്ട്. ബൗളർമാരിൽ 901 റേറ്റിംഗുമായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒന്നാമതുണ്ട്. ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ (850), ജസ്പ്രീത് ബുംറ (830) എന്നിവരാണ് തുടർന്നുള്ള രണ്ട് സ്ഥാനങ്ങളിൽ. ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജ (385), അശ്വിൻ (341) എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്.