Cricket Sports

പാക് ക്രിക്കറ്റ് ടീമിനെ ‘ശരിയാക്കിയിട്ട്’ ബാക്കി കാര്യമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ലോകകപ്പില്‍ സെമി പോലും കാണാന്‍ കഴിയാതെ പാകിസ്താന്‍ ക്രിക്കറ്റ് ടീം സ്വന്തം നാട്ടിലേക്ക് വണ്ടികയറിയതില്‍ ഏറ്റവും നിരാശന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെയാണ്. ഇനിയേതായാലും പാക് ടീമിനെ ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യമെന്നാണ് ഇമ്രാന്‍ പറയുന്നത്. സര്‍ഫറാസ് അഹമ്മദ് നയിച്ച പാക് ടീം, ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടാണ് മടങ്ങിയത്.

ഏതായാലും പാക് ടീമിനെ കുറിച്ച് ഇമ്രാന്‍ പറയുന്നതിങ്ങനെ : ”ഞാന്‍ ഇംഗ്ലണ്ടില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ പഠിച്ചു. തിരിച്ചുവന്ന് മറ്റു താരങ്ങളുടെ നിലവാരം ഉയര്‍ത്തി. ഏതായാലും ഈ ലോകകപ്പ് കഴിഞ്ഞതോടെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു, പാക് ക്രിക്കറ്റ് ടീമിനെ ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യം. അടുത്ത ലോകകപ്പിന് ടീം ഇറങ്ങുമ്പോള്‍ ഞാന്‍ ഇപ്പോള്‍ പറയുന്നത് ഓര്‍ത്ത് വെച്ചോളൂ… അപ്പോഴേക്കും പാക് ക്രിക്കറ്റ് ടീം ഒരു പ്രൊഫഷണല്‍ ടീമായി മാറിക്കഴിഞ്ഞിരിക്കും. മികവുറ്റ പ്രതിഭകളെ കണ്ടെത്തി അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരും. ഈ സംവിധാനം തന്നെ ഉടച്ചുവാര്‍ക്കും.”

ലോകകപ്പ് സെമി പോലും കാണാതെ പാകിസ്താന്‍ പുറത്തായതു മുതല്‍, ഏകദിനത്തിലും ടെസ്റ്റിലും ടീമിന് വെവ്വേറെ നായകന്‍മാരും പരിശീലകരും വേണമെന്നായിരുന്നുവെന്ന മുറവിളി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം ഈ മാസം അവസാനം ചേരുന്ന ക്രിക്കറ്റ് കമ്മിറ്റി യോഗത്തില്‍ പരിഗണിക്കുമെന്നാണ് പി.സി.ബി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വിന്റി 20 ലോകകപ്പിന് മുമ്പ് പാകിസ്താന് എട്ട് ടെസ്റ്റുകളില്‍ പടപൊരുതാനുണ്ട്. കൂടാതെ മൂന്നു ഏകദിനങ്ങളും ഒമ്പത് ട്വന്റി 20 മത്സരങ്ങളും. ഈ സാഹചര്യത്തിലാണ് മൊത്തത്തിലുള്ള അഴിച്ചുപണിക്കായി പാകിസ്താന്‍ ഒരുങ്ങുന്നത്.