Cricket Sports

‘സിക്‌സടിക്കാനാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു’ തുറന്നു പറഞ്ഞ് ഡി.കെ

ന്യൂസിലന്റിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ നാല് റണ്‍സിന് ഇന്ത്യ തോറ്റതിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെതിരെ ആരാധകര്‍ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യക്ക് സ്‌ട്രൈക്ക് കൈമാറാന്‍ തയ്യാറാകാതിരുന്ന സംഭവമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ വിവാദ സംഭവത്തിന് വിശദീകരണവുമായി ദിനേശ് കാര്‍ത്തിക് തന്നെ എത്തിയിരിക്കുന്നു.

20 ഓവറില്‍ 213 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ക്രുണാലും കാര്‍ത്തികും ക്രീസില്‍ ഒരുമിച്ചപ്പോള്‍ വേണ്ടിയിരുന്നത് 28 പന്തില്‍ 68 റണ്‍സ്. ഒരു വിക്കറ്റ് കൂടി നഷ്ടമായാല്‍ വരാനിരിക്കുന്നത് ബൗളര്‍മാര്‍. അത്തരമൊരു സാഹചര്യത്തില്‍ പോലും കീഴടങ്ങാന്‍ ക്രുണാലും കാര്‍ത്തിക്കും തയ്യാറായിരുന്നില്ല. 17, 18, 19 ഓവറുകളില്‍ യഥാക്രമം 11, 18, 14 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ഒടുവില്‍ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 16 റണ്‍.

”സമ്മര്‍ദ്ദമുള്ള ആ സാഹചര്യത്തില്‍(145/6) ഞാനും ക്രുനാലും മികച്ച രീതിയില്‍ തന്നെ ബാറ്റ് ചെയ്‌തെന്നാണ് വിശ്വാസം. കിവീസ് ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുന്ന നിലയിലേക്ക് കളിയെത്തിക്കാന്‍ ഞങ്ങള്‍ക്കായി. ക്രുണാലിന് സിംഗിള്‍ നിഷേധിക്കുമ്പോഴും തീര്‍ച്ചയായും ഒരു സിക്‌സ് നേടാന്‍ സാധിക്കുമെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്” കാര്‍ത്തിക് പറയുന്നു. മത്സരത്തില്‍ 16 പന്തില്‍ 33 റണ്‍സ് അടിച്ച ഡി.കെ നാല് സിക്‌സറുകളും പറത്തിയിരുന്നു. എന്നാല്‍ നിര്‍ണ്ണായക പന്തുകളില്‍ ആവശ്യമായ റണ്‍ നേടാന്‍ കാര്‍ത്തിക്കിനായില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐ.പി.എല്ലിലും ഇന്ത്യന്‍ ടീമിലും ഫിനിഷറുടെ റോള്‍ ഭംഗിയായി ചെയ്യുന്ന കളിക്കാരനാണ് ദിനേശ് കാര്‍ത്തിക്. ”ഒരു മധ്യനിര ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പലപ്പോഴും സമ്മര്‍ദ ഘട്ടങ്ങളില്‍ വലിയ ഷോട്ടുകള്‍ കളിക്കാനുള്ള നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ തന്നെ വിശ്വസിച്ചേ പറ്റൂ. അതേപോലെ തന്നെ ക്രീസിലെ പങ്കാളിയെയും വിശ്വാസത്തിലെടുക്കണം. എന്നാല്‍ അന്ന് ഞാനത് ചെയ്തില്ല, ഇത്തരം കാര്യങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കും” കാര്‍ത്തിക്ക് തുറന്നു പറയുന്നു.

അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. ആദ്യ പന്തില്‍ കാര്‍ത്തിക് ഡബിള്‍ നേടി. എന്നാല്‍ പിന്നീട് 2, 3, പന്തുകളില്‍ റണ്‍ നേടാന്‍ കാര്‍ത്തിക്കിനായില്ല. ഇതില്‍ മൂന്നാം പന്തില്‍ സിംഗിളെടുക്കാനുള്ള അവസരമുണ്ടായിട്ടും കാര്‍ത്തിക് അതിന് തയ്യാറായില്ല. കാര്‍ത്തികിനടുത്തുവരെ ഓടിയെത്തിയ ക്രുണാല്‍ പാണ്ഡ്യയെ തിരിച്ചയക്കുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ക്രുണാലില്‍ വിശ്വസിച്ച് മൂന്നാം പന്തില്‍ സിംഗിളെടുത്തിരുന്നെങ്കില്‍ കളി ജയിക്കാമായിരുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

നാല്, അഞ്ച് പന്തുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സിംഗിളെടുക്കാന്‍ മാത്രമാണ് സാധിച്ചത്. അവസാന പന്തില്‍ കാര്‍ത്തിക് സിക്‌സറിച്ചെങ്കിലും ഇന്ത്യ നാല് റണ്ണിന് തോല്‍ക്കുകയായിരുന്നു. ഇതോടെയാണ് മൂന്നു മത്സര ടി20 പരമ്പര ഇന്ത്യ 1-2ന് തോറ്റത്.