Cricket Sports

ധോണിയോടെന്ന പോലെയാണ് കുല്‍ദീപിനോടും: നയം വ്യക്തമാക്കി കോഹ്‌ലി

ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഡ്രസിങ് റൂമില്‍ സഹകളിക്കാരോട് ദേഷ്യപ്പെടുന്ന രീതിയില്ലെന്ന് കോഹ്‌ലി പറയുന്നു. യുവതാരങ്ങളിലെ ക്രിക്കറ്റിനെ പോഷിപ്പിക്കാന്‍ അവരെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കോഹ്‌ലി പറഞ്ഞു. തുടക്കത്തില്‍ ഒരു പാട് പാളിച്ചകള്‍ സംഭവിച്ചുവെന്നും എന്നാല്‍ അത്തരത്തിലുള്ളത് യുവകളിക്കാര്‍ക്ക് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും കോഹ്‌ലി പറയുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയര്‍ത്ത് സംസാരിക്കുന്ന അന്തരീക്ഷം ടീം അംഗങ്ങള്‍ക്കിടയില്‍ ഇല്ല, ധോണിയോടെന്ന പോലൊ സൗഹൃദപരമായാണ് കുല്‍ദീപിനോടും പെരുമാറുന്നത്, രണ്ട്, മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ടണ് ഒരാളുടെ കരിയര്‍ വളരുന്നത്, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുന്ന പക്ഷം അവരില്‍ മാറ്റമുണ്ടാകുമെന്നും കോഹ് ലി പറഞ്ഞു.

വിന്‍ഡീസുമായുള്ള പരമ്പരയില്‍ യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ അവസരം ലഭിച്ചത്. ഈ പശ്ചാതലത്തിലാണ് കോഹ് ലി ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം തുടങ്ങുന്നത്. മൂന്ന് വീതം ഏകദിനം, ടി20 പരമ്പരകളും പിന്നാലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യയുടെ വിന്‍ഡീസ് പരമ്പരയിലുണ്ട്.