Cricket Sports

ഹൈദരാബാദ് ഉദിച്ചുയര്‍ന്നു; പഞ്ചാബിന് നാണം കെട്ട തോല്‍വി

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നായകന്‍ വാര്‍ണര്‍ (52), ജോണി ബെയര്‍സ്റ്റോ (97)എന്നിവരുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലൂടെ മത്സരത്തില്‍ ആധിപത്യം നേടി

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. 69 റണ്‍സിന്‍റെ വലിയ തോല്‍വിയാണ് കിങ്സ് ഇലവന് നേരിടേണ്ടി വന്നത്. ബാറ്റിങ്ങിന്‍റെ സമ്പൂര്‍ണ പരാജയമാണ് പഞ്ചാബിനെ തോല്‍വിയിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍റെ(77) വെടിക്കെട്ട് ബാറ്റിങ് പഞ്ചാബിന് പ്രതീക്ഷ നല്‍കിയെങ്കിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹൈദരാബാദ് വിജയം കൈവരിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നായകന്‍ വാര്‍ണര്‍ (52), ജോണി ബെയര്‍സ്റ്റോ (97)എന്നിവരുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലൂടെ മത്സരത്തില്‍ ആധിപത്യം നേടി. 15 ഓവറില്‍ 160 റണ്‍സ് എന്ന നിലയിലാണ് ആ കൂട്ടുകെട്ട് അവസാനിച്ചത്. ഇരുവരെയും ഒരേ ഓവറില്‍ മടക്കിയയച്ചത് രവി ബിഷ്ണോയാണ്. കെയിന്‍ വില്യംസണിന്‍റെ അവസാന ഓവറിലെ പ്രകടനമാണ് സണ്‍റൈസേഴ്സിനെ 201 എന്ന ടോട്ടല്‍ നല്‍കിയത്. രവി ബിഷ്ണോയ് മൂന്നും അര്‍ഷദീപ് സിങ് രണ്ടും ഷമി ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ പിഴച്ചു. തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബിനെ പിടിച്ചുയര്‍ത്തിയത് നിക്കോളസ് പൂരന്‍റെ പ്രകടനമാണ്. മറ്റാരും തന്നെ പഞ്ചാബ് നിരയില്‍ പിടിച്ചു നിന്നില്ല. ഒടുവില്‍ 16.5 ഓവറില്‍ 132ന് പഞ്ചാബ് ഇന്നിങ്സ് അവസാനിച്ചു. 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് പഞ്ചാബിനെ തകര്‍ത്തത്.

സ്കോര്‍

സണ്‍റൈസേഴ്സ് ഹൈദരാബാദ് : 201/6 (20)

കിങ്സ് ഇലവന്‍ പഞ്ചാബ് : 132/10 (16.5)