മാറി മറിഞ്ഞ ലീഡ് നില. ഒരു ടീമിനല്ലാതെ മറ്റെല്ലാ ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്ന ടൂര്‍ണമെന്‍റ്. ഒടുവില്‍ അഞ്ചാം കിരീടവുമായി മുംബൈ ഇന്ത്യന്‍സ് വീണ്ടും ഐ.പി.എല്‍ ചാമ്പ്യന്മാരായി.
കണക്കാണല്ലോ എല്ലാം. ഈ കണക്കുകളാണ് ഒരേ സമയം നായകന്മാരെയും പ്രതി നായകന്മാരെയും സൃഷ്ടിക്കുന്നത്. അത്തരം നായക പ്രതിനായക സങ്കല്‍പ്പ സൃഷ്ടികള്‍ ഇത്തവണത്തെ കണക്കുകളിലും ഐ.പി.എല്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഇതേ കണക്കുകള്‍ തന്നെയാണ് 2020 ഐ.പി.എല്ലിനെ ഒരു ഫാന്‍റസി ലീഗെന്നോണം ത്രില്ലിങ് ആക്കിയതും. നമുക്ക് നോക്കാം, ഡ്രീം ഇലവന്‍ ഐ.പി.എല്‍ 2020യിലെ കളിയിലെ കണക്കുകള്‍.
ഇത്തവണത്തെ ഐ.പി.എല്ലില്‍ മുംബൈ തുടക്കം മുതല്‍ ഒടുക്കം വരെ സര്‍വാധിപത്യം നിലനിര്‍ത്തിയപ്പോള്‍ അപ്പാടെ നിറം മങ്ങിപ്പോയത് മുന്‍ ചാമ്പ്യന്മാര്‍ കൂടിയായ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം കണക്കുകളുമായാണ് ചെന്നൈയും ധോണിയും യു.എ.ഇ വിട്ടത്. പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്.
30 വിക്കറ്റുകള്‍ നേടിക്കൊണ്ട് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കഗിസോ റബാദയാണ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. ഡല്‍ഹി ഫൈനലിലെത്തുന്നതില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചത് റബാദയുടെ പ്രകടനം തന്നെയായിരുന്നു. പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ നിന്നും 670 റണ്‍സ് അദ്ദേഹം നേടി.
പക്ഷെ, രാഹുലിന്‍റെ ഈ വ്യക്തി പ്രഭാവം ഒരു രീതിയിലും പഞ്ചാബിനെ തുണച്ചില്ല എന്നുവേണമെങ്കില്‍ പറയാം. കാരണം, ടൂര്‍ണമെന്‍റിന്‍റെ ആദ്യ പകുതിയില്‍ തന്നെ റണ്‍വേട്ടയില്‍ രാഹുല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും ഏഴില്‍ ആറ് മത്സരങ്ങളും തോറ്റ് പഞ്ചാബ് പട്ടികയില്‍ അവസാനമായിരുന്നു. പിന്നീടൊരു തിരിച്ചുവരവ് നടത്തിയെങ്കിലും പ്ലേ ഓഫിലെത്താന്‍ ടീമിനായില്ല. മിഡില്‍ ഓഡറിനെ ഒട്ടും വിശ്വാസ്യതയിലെടുക്കാതെയുള്ള രാഹുലിന്‍റെ സോ കോള്‍ഡ് വണ്‍ ഡേ ഫോര്‍മാറ്റ് കൂറ്റന്‍ ഇന്നിങ്സുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതായിരുന്നു. 670 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും സ്ട്രൈക്ക് റേറ്റ് 129ല്‍ ഒതുങ്ങാന്‍ കാരണം അതായിരുന്നു. ടൂര്‍ണമെന്‍റിലെ ഏറ്റവും കൂടുതല്‍ ഫാന്‍റസി പോയിന്‍റുമായി ഡ്രീം 11 ഗെയിം ചെയ്ഞ്ചര്‍ അവാര്‍ഡും രാഹുല്‍ നേടി.
ഇത്തവണത്തെ മറ്റൊരു പ്രത്യേകത രണ്ട് മലയാളി സാന്നിധ്യങ്ങളുടെ വളരെ മികച്ച പ്രകടനങ്ങളായിരുന്നു. സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍. 15 മത്സരങ്ങളില്‍ നിന്നും 473 റണ്‍സുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ ദേവ്ദത്ത് പടിക്കല്‍ കന്നി ഐ.പി.എല്‍ അവിസ്മരണീയമാക്കി. എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പുരസ്കാരവും ദേവ്ദത്തിനായിരുന്നു. ദേവിന്‍റെ സ്ലോ സ്റ്റാര്‍ട്ടിങ് ബാംഗ്ലൂരിന്‍റെ സ്കോര്‍ കാര്‍ഡിനെ പലപ്പൊഴും ബാധിച്ചിരുന്നെങ്കിലും ടൂര്‍ണമെന്‍റില്‍ ഉടനീളം കണ്‍സിസ്റ്റന്‍സ് മെയിന്‍റെയിന്‍ ചെയ്യാന്‍ അദ്ദേഹത്തിനായി.
ഇതേ കണ്‍സിസ്റ്റന്‍സി മീറ്റര്‍ പക്ഷെ സഞ്ജു സാംസണ് ടൂര്‍ണമെന്‍റില്‍ പലപ്പൊഴും വിനയായി മാറിയിരുന്നു. പക്ഷെ, രാജസ്ഥാന്‍റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാനും മനോഹരമായ രീതിയില്‍ അക്രമിച്ചുകൊണ്ടുതന്നെ ഇന്നിങ്സ് ബില്‍ഡ് അപ്പ് ചെയ്യാനും സഞ്ജു ശ്രദ്ധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ പിഴവുകള്‍ നികത്തി അതി മനോഹരമായ രീതിയില്‍ തിരിച്ചുവരാനും സഞ്ജുവിനായി. സ്ട്രോക്ക് പ്ലേയിലും അഗ്രസീവ്നെസിലും സഞ്ജുവിന്‍റെ പാടവം ഏറെ വാഴ്ത്തപ്പെട്ടിരുന്നു. ഓസീസ് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഇടം നേടാന്‍ പ്രധാന കാരണവും ഇതുതന്നെയായിരുന്നു.
ടൂര്‍ണമെന്‍റിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയ, മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ യുവതാരം ഇഷാന്‍ കിഷന്‍, മാസ്റ്റര്‍ സ്ട്രോക്ക് പ്ലേയിലൂടെ വിസ്മയം തീര്‍ത്ത സൂര്യകുമാര്‍ യാദവ്, സ്കോര്‍ കാര്‍ഡിനെ ഒരോവറില്‍ കീഴ്മേല്‍ മറിച്ച രാഹുല്‍ തെവാഡിയ, തോറ്റ് തോറ്റ് മനസ് മടുത്ത ചെന്നൈക്ക് തുടര്‍ച്ചയായ 3 വിജയങ്ങള്‍ സമ്മാനിച്ച സ്പാര്‍ക്കുള്ള യങ്സ്റ്റര്‍ ഋതുരാജ് ഗൈക്വൈദ്, വരുണ്‍ ചക്രവര്‍ത്തി, ദേവ്ദത്ത് പടിക്കല്‍, തുടങ്ങി നിരവധിയാണ് ഈ വര്‍ഷത്തെ യുവനിരയിലെ വിസ്മയങ്ങള്‍.
അതുപോലെത്തന്നെ, നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച സൂപ്പര്‍ താരങ്ങളും പൊന്നുവില കൊടുത്തു വാങ്ങിയ താരങ്ങളും നിരവധിയാണ്. കരിയറിലെ ഏറ്റവും മോശം ഐ.പി.എല്‍ കളിച്ചാണ് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണി ഈ സീസണ്‍ അവസാനിപ്പിച്ചത്. പൃഥ്വി ഷാ, ഗ്ലെന്‍ മാക്സ് വെല്‍, ഡെയില്‍ സ്റ്റൈന്‍, ആരോണ്‍ ഫിഞ്ച്, കേദാര്‍ ജാദവ്, റിയാന്‍ പരാഗ്… പട്ടിക ഇനിയും നീളുന്നു.
ടീം വര്‍ക്കായിരുന്നു മുംബൈ, ഡല്‍ഹി ടീമുകളുടെ കരുത്ത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മറ്റു ടീമുകള്‍ക്ക് അവകാശപ്പെടാനാകാത്ത രീതിയിലുള്ള ഒരു ടീം കെമിസ്ട്രി ഇരു ടീമുകളിലുമുണ്ടായിരുന്നു. അതാണ് ഇരു ടീമുകളെയും ഫൈനലിലെത്തിച്ചത് എന്നും അഭിപ്രായമുണ്ട്. ടൂര്‍ണമെന്‍റിലെ ആദ്യ പകുതിയില്‍ ടീമിലില്ലായിരുന്നെങ്കിലും അടുത്ത 7 മത്സരങ്ങളില്‍ ദി യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയില്‍ കാഴ്ച വെച്ച കളിവിരുന്ന് എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. അത് തികച്ചും ഒരു 41 വയസുകാരന്‍റെ വണ്‍ മാന്‍ ഷോ ആയിരുന്നു. അത് പോലെത്തന്നെ ആസ്വാധ്യകരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച് അറേബ്യന്‍ മണ്ണില്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ അവസാനിച്ചു. അടുത്ത സീസണ്‍ 2021 ഏപ്രിലില്‍ തന്നെ തുടങ്ങുമെന്നും കേള്‍ക്കുന്നു. ഏതായാലും കാത്തിരിക്കാം, മറ്റൊരു കളി മാമാങ്കത്തിനായി…