Cricket Sports

ശെന്തക്ക് പിറന്നാള്‍ ആശംസയുമായി ടര്‍ബനേറ്റര്‍

കളിമികവിനോപ്പം വിവാദങ്ങളാലും സമ്പന്നമായിരുന്നു മലയാളി താരം ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം. അത്തരം വിവാദങ്ങളിലെ സുപ്രധാനമായ ഒന്നായിരുന്നു ഹര്‍ഭജന്‍ സിംങ് ശ്രീശാന്തിന്റെ കരണത്തടിച്ചത്. കരണത്തടിക്കും ഒത്തുകളി ആരോപണങ്ങള്‍ക്കും ശേഷവും ശ്രീശാന്തുമായി ബന്ധം തുടരുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംങ്.

ശ്രീശാന്തിന്റെ 37ആം പിറന്നാള്‍ ദിനത്തിലാണ് ഹര്‍ഭജന്‍ സിംങ് ആശംസയുമായി എത്തിയിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെ ‘ശെന്ത’ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന ടര്‍ബനേറ്റര്‍ നല്ലൊരു വര്‍ഷവും ആശംസിച്ചിട്ടുണ്ട്.]

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008 ഏപ്രിലിലായിരുന്നു വിവാദമായ കരണത്തടി നടന്നത്. ഐ.പി.എല്ലിനിടെ മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ഭജന്‍ കിംങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ശ്രീശാന്തിനെ മത്സരശേഷം കരണത്തടിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന ശ്രീശാന്തിന്റെ മുഖം ഇന്നും ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല.

തങ്ങള്‍ക്കിടയില്‍ അന്നൊരു തര്‍ക്കമുണ്ടായെന്നും എന്നാല്‍ ആ രാത്രിയില്‍ തന്നെ അത് പറഞ്ഞു തീര്‍ത്തെന്നുമായിരുന്നു പിന്നീട് ഹര്‍ഭജന്‍ സിംങ് അതേക്കുറിച്ച് പറഞ്ഞത്.

2013ലാണ് ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് അകപ്പെടുന്നത്. ആദ്യഘട്ടത്തില്‍ ആജീവനാന്തം ക്രിക്കറ്റില്‍ നിന്നും ശ്രീശാന്തിനെ വിലക്കിയെങ്കിലും പിന്നീട് ബി.സി.സി.ഐ ഓംബുഡുസ്മാന്‍ ജസ്റ്റിസ്(റിട്ട.) ഡി.കെ ജെയിന്‍ വിലക്ക് ഏഴ് വര്‍ഷമാക്കി കുറച്ചിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുക.

ശ്രീശാന്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു വെബ് സീരീസും ആത്മകഥയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിലക്കിന് ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് ശ്രീശാന്ത് ആവര്‍ത്തിക്കുന്നത്.