അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാട്രിക്കില്‍ റെക്കോര്‍ഡ് നേടി യുവ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചത്. വിന്‍ഡീസിനെതിരെ നടന്ന രണ്ടാം ടി ട്വന്‍റിയിലാണ് കുല്‍ദീപ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ 107 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ വിന്‍ഡീസിനൊപ്പം എത്തുകയും ചെയ്തു.
വിന്‍ഡീസിന്റെ 33-ാം ഓവറിലായിരുന്നു കുല്‍ദീപിന്റെ ഹാട്രിക് പ്രകടനം. ഓവറിലെ 4-ാം പന്തില്‍ ഷായ് ഹോപ്പിനെയും, 5-ാം പന്തില്‍ ജേസണ്‍ ഹോള്‍ഡറെയും, 6-ാം പന്തില്‍ അല്‍സാരി ജോസഫിനെയുമാണ് കുല്‍ദീപ് പുറത്താക്കിയത്. അതേസമയം മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൊന്നും എടുക്കാതെ പുറത്തായി. വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡും ഗോള്‍ഡന്‍ ഡക്കായി. ഏകദിനത്തില്‍ ആദ്യമായാണ് രണ്ട് ക്യാപ്റ്റന്മാരും ഗോള്‍ഡന്‍ ഡക്കായി പുറത്താകുന്നത്.
അതേസമയം ഇന്ത്യന്‍ ടീമിന് ആശ്വാസമായി യുവ താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് ഫോമിലേക്ക് തിരിച്ചുവന്നു. 16 പന്തില്‍ 3 ബൗണ്ടറിയും 4 സിക്സറുമടക്കം 39 റണ്‍സാണ് പന്ത് നേടിയത്. അവസാന ഓവറുകളില്‍ ഋഷഭ് പന്തും ശ്രേയസ് അയ്യരും പടുത്തുയര്‍ത്തിയ പാര്‍ട്ണര്‍ഷിപ്പാണ് ഇന്ത്യയുടെ സ്‌കോര്‍ 387ല്‍ എത്തിച്ചത്. പന്തും ശ്രേയസ് അയ്യരും ചേര്‍ന്ന് 24 പന്തില്‍ 73 റണ്‍സാണ് നേടിയത്. പരമ്ബര വിജയികളെ നിര്‍ണയിക്കുന്ന അവസാന മത്സരം ഞായറാഴ്ച്ച കട്ടക്കില്‍ നടക്കും.