Cricket

ഐപിഎൽ: റിങ്കു ഷോക്കിൽ നിന്ന് തിരികെയെത്താൻ ഗുജറാത്ത്; ജയം ലക്ഷ്യമിട്ട് പഞ്ചാബ്

ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ രണ്ട് ടീമുകളും വിജയത്തിലേക്ക് തിരികെയെത്താനായാണ് ഇറങ്ങുക. പഞ്ചാബ് കിംഗ്സ് ഹോം ഗ്രൗണ്ടായ മൊഹാലി ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 

കൊൽക്കത്തക്കെതിരെ, റിങ്കു സിംഗിൻ്റെ അസാമാന്യ പ്രകടനത്തിലാണ് കഴിഞ്ഞ കളിയിൽ ഗുജറാത്ത് വീണുപോയത്. ആയിരത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്ന ആ ഫിനിഷിംഗ് മാറ്റിനിർത്തിയാൽ ഗുജറാത്ത് വളരെ കരുത്തരാണ്. കഴിഞ്ഞ കളി സ്ഥിരം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇല്ലാതിരുന്നത് അവഋക്ക് ഒരു തരത്തിലും തിരിച്ചടിയായില്ല. സായ് സുദർശൻ മൂന്നാം നമ്പറിൽ തകർപ്പൻ ഫോമിൽ കളിക്കുന്നതും വിജയ് ശങ്കർ തൻ്റെ കഴിവിനൊത്തുള്ള പ്രകടനങ്ങൾ നടത്തുന്നതും ഗുജറാത്തിനു ബോണസാണ്. ഹാർദിക് ഇന്ന് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അഭിനവ് മനോഹർ പുറത്തിരിക്കും. മറ്റ് മാറ്റങ്ങളുണ്ടാവില്ല.

പഞ്ചാബ് കിംഗ്സ് ലേലത്തിൽ നല്ല താരങ്ങളെ ടീമിലെത്തിച്ചത് പ്രകടനത്തിൽ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ കളിയിൽ ഹൈദരാബാദിനെതിരെ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും അത് മാനേജ്മെൻ്റിനു തലവേദനയാവില്ല. ശിഖർ ധവാൻ ഓറഞ്ച് ക്യാപ്പ് പോരിൽ മുന്നിൽ നിൽക്കുന്നത് തന്നെയാണ് ടീമിൻ്റെ ഏറ്റവും വലിയ പോസിറ്റീവ്. പ്രബ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ, അർഷ്ദീപ് സിംഗ്, നതാൻ എല്ലിസ് തുടങ്ങിയവരും പഞ്ചാബിൻ്റെ മുന്നേറ്റത്തിൽ നിർണായക പ്രകടനങ്ങൾ നടത്തുന്നു. ടീമിനൊപ്പം ചേർന്ന ലിയാം ലിവിങ്ങ്സ്റ്റണും കഗീസോ റബാഡയും ഇന്ന് ടീമിൽ ഉൾപ്പെടാനിടയുണ്ട്. അങ്ങനെയെങ്കിൽ മാത്യു ഷോർട്ടും സിക്കന്ദർ റാസയും പുറത്തിരുന്നേക്കും. ഷാരൂഖ് ഖാനു പകരം ഋഷി ധവാനും കളിച്ചേക്കും. നതാൻ എല്ലിസിനു പകരം റബാഡ വരാനിടയുണ്ടെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ മികച്ചുനിന്ന എല്ലിസിനെ പുറത്തിരുത്താതെ ഒരു ഇലവനാവും പഞ്ചാബ് ശ്രമിക്കുക.