Cricket

ശുഭ്മാൻ ​ഗില്ലിന് വീണ്ടും സെഞ്ച്വറി; മുബൈക്ക് ഫൈനൽ കടക്കാൻ 234 റൺസ് വേണം

ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ജയിക്കാൻ 234 റൺസ് വേണം. ഗില്ലിന്റെ വെടിക്കെട്ട് സെഞ്ചുറി മികവിലാണ് ഗുജറാത്ത് 200 കടന്നത്. ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗിൽ 60 പന്തിൽ 129 റൺസ് നേടി പുറത്തായി. ഈ സീസണില്‍ മൂന്ന് സെ‌ഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു.

20 ഓവറിൽ ഗുജറാത്ത് 233/ 3. 49 പന്തിലായിരുന്നു ഗില്ലിന്‍റെ മൂന്നക്കം. മൂന്നാമനായി ഇറങ്ങിയ സായി സുദർശനും നാലാമത് ഇറങ്ങിയ ക്യാപ്റ്റൻ പാണ്ട്യയും ബാറ്റിങ്ങിൽ മികവ് കാട്ടി. മുംബൈ ഇന്ത്യൻസിന് വേണ്ടി പിയുഷ് ചൗള, ആകാശ് മദ്വാൽ എന്നിവർ ഓരോ വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തിൽ താരമായ ആകാശ് മദ്വാൽ 4 ഓവറിൽ വഴങ്ങിയത് 52 റൺസാണ്. മുംബൈ നിരയിൽ ആറ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ആരും കാര്യമായ മികവ് കാട്ടിയില്ല.

ഈ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ്പ് സുരക്ഷിതം. ഇതിനകം ഗില്ലിന്‍റെ റണ്‍വേട്ട 820 പിന്നിട്ടുകഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നാല്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം ഇനിയും ഉയരും. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 14 മത്സരങ്ങളില്‍ 730 റണ്‍സുമായി മുന്നിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡുപ്ലസിസിന്‍റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.

പ്ലേയിംഗ് ഇലവനുകള്‍

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, ക്രിസ് ജോര്‍ദാന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്‌വാള്‍.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി.